48 വര്‍ഷത്തെ സിനിമാ ജീവിതം!, സിനിമയുടെ സകല മേഖലയും തൊട്ടറിഞ്ഞ പ്രതിഭാധനൻ; അന്ത്യമാവുന്നത് ശ്രീനിവാസൻ യുഗത്തിന്

കൊച്ചി: അടുത്തകാലത്തായി ശ്രീനിവാസൻ എന്ന സിനിമാ നടൻ സിനിമ മേഖലയിൽ അത്ര സജീവമല്ലായിരിക്കാം. എന്നാല്‍ ശ്രീനി എന്ന സിനിമാക്കാരൻ ഇക്കഴിഞ്ഞ പതിറ്റാണ്ടുകള്‍ക്ക് ഇടയില്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പെട്ടെന്നൊന്നും മാഞ്ഞു പോവുന്നതല്ല.

 

അസുഖബാധിതനായി സജീവ അഭിനയത്തില്‍ നിന്ന് ശ്രീനിവാസൻ വിട്ട് നില്‍ക്കുമ്പോഴും ഓരോ തിരഞ്ഞെടുപ്പ് കാലത്തും, എന്തിന് ശബരിമല സീസണില്‍ പോലും ശ്രീനിയുടെ എഴുത്തിന്റെ ശക്തി ആക്ഷേപഹാസ്യമായി ഇന്നും തെളിഞ്ഞു കാണാറുണ്ട്.

 

അതുകൊണ്ട് തന്നെ ശ്രീനിയുടെ സിനിമാ ജീവിതം എന്നെന്നും ഓർമ്മിക്കപ്പെടും, കാരണം ആ ജീവിതരേഖ അത്രമേല്‍ തീക്ഷ്‌ണമായിരുന്നു. പാട്യത്ത് നിന്ന് മദ്രാസ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് കണ്ണൂർ കൂത്തുപറമ്പിന് അടുത്ത് പാട്യം എന്ന ഗ്രാമത്തിലാണ് ശ്രീനിവാസൻ ജനിച്ചത്. പാട്യം ഗോപാലനെ പോലെയുള്ള വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയ മണ്ണില്‍ നിന്ന് വന്ന ശ്രീനിയുടെ രക്തത്തില്‍ അലിഞ്ഞു ചേർന്നത് പക്ഷേ സിനിമ എന്നഒരൊറ്റ വികാരമായിരുന്നു.

 

അദ്ദേഹത്തിന്റെ പിതാവ് ഉണ്ണി ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു. അതുകൊണ്ട് തന്നെ വിദ്യഭ്യാസം ഉള്‍പ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങള്‍ ആ കാലഘട്ടത്തില്‍ പലരുടെയും സ്വപ്‌നം ആയിരുന്നപ്പോഴും ശ്രീനിക്ക് അത് ലഭിച്ചു.അച്ഛൻ ഒരു സജീവ കമ്മ്യൂണിസ്‌റ്റ് പ്രവർത്തകൻ ആയിരുന്നുവെങ്കിലും ശ്രീനിയെ അതൊന്നും കാര്യമായി സ്വാധീനിച്ചിരുന്നില്ല എന്ന് വേണം പറയാൻ. മാതാവ് ലക്ഷ്‌മി ഒരു സാധാരണ വീട്ടമ്മയായിരുന്നു. രണ്ട് സഹോദരൻമാരും ഒരു സഹോദരിയും കൂടി ഉള്‍പ്പെടുന്ന കുടുംബത്തില്‍ നിന്നും ശ്രീനി സിനിമയുടെ മായാ ലോകത്തേക്ക് എത്തിയത് എളുപ്പത്തില്‍ ആയിരുന്നില്ല.

 

കതിരൂർ ഗവ. സ്‌കൂളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യഭ്യാസം. പിന്നീട് ശ്രീനിവാസൻ തന്റെ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻഎസ്‌എസ്‌ കോളേജില്‍ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തില്‍ അവിടെനിന്ന് ബിരുദം നേടുകയും ചെയ്‌തു. തുടർന്ന് 1977 ല്‍ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തത് ഒരിക്കലും യാദൃശ്ചികം ആയിരുന്നില്ല. അവിടെ സൂപ്പർതാരം രജനീകാന്ത് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.

 

സിനിമയിലെ തുടക്കം1976ല്‍ പ്രമുഖ സംവിധായകൻ പിഎ ബക്കർ സം‌വിധാനം ചെയ്‌ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാ പ്രവേശം. ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന് അഭിനയപാഠങ്ങള്‍ പഠിപ്പിച്ച എ പ്രഭാകരൻ പിന്നീട് ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയില്‍ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്‌തു. മമ്മൂട്ടി, ത്യാഗരാജൻ എന്നിവർ ഉള്‍പ്പെടെ ഉള്ളവർക്ക് ശ്രീനിവാസൻ ശബ്‌ദം നല്‍കിയിരുന്നു എന്നതും കൗതുകകരമായ കാര്യമാണ്.

 

1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതി തുടങ്ങിയ കരിയറില്‍ പിന്നീട് എണ്ണംപറഞ്ഞ ഒട്ടേറെ ഹിറ്റുകള്‍ക്ക് അദ്ദേഹം തൂലിക ചലിപ്പിച്ചു. അയാള്‍ കഥയെഴുതുകയാണ് (1998) തിരക്കഥ, അഴകിയ രാവണൻ (1996) കഥ/തിരക്കഥ, മഴയെത്തും മുൻപെ (1995) കഥ/തിരക്കഥ, സന്ദേശം (1991) കഥ/തിരക്കഥ, അക്കരെ അക്കരെ അക്കരെ (1990) കഥ/തിരക്കഥ, തലയണമന്ത്രം (1990) കഥ/തിരക്കഥ, വടക്കുനോക്കിയന്ത്രം (1989) (സം‌വിധാനം), വരവേല്‍പ്പ് (1989) കഥ/തിരക്കഥ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങള്‍ ശ്രീനിയുടെ തൂലികയില്‍ വിരിഞ്ഞതായി ഒട്ടേറെയുണ്ട്.

 

കൂടാതെ കരിയറിന്റെ ആദ്യസമയത്ത് ചിത്രം (1988) കഥ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)കഥ/തിരക്കഥ, പട്ടണപ്രവേശം (1988) കഥ/തിരക്കഥ, വെള്ളാനകളുടെ നാട് (1988)കഥ/തിരക്കഥ, നാടോടിക്കാറ്റ് (1987) കഥ/തിരക്കഥ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് (1986) കഥ/തിരക്കഥ, സന്മനസ്സുള്ളവർക്ക് സമാധാനം (1986) കഥ/തിരക്കഥ, ടിപി ബാലഗോപാലൻ എംഎ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ ഹിറ്റുകളാണ്.