തൊടുപുഴ: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയില്‍. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. പുലർച്ചയോടെ തണുപ്പ് പൂജ്യം ഡിഗ്രിയില്‍ എത്തിയതോടെ വാഹനങ്ങളുടെ പുറത്തും തേയിലത്തോട്ടങ്ങളുടെ മുകളിലും പുല്ലുകളിലും മഞ്ഞുതുള്ളികള്‍ കട്ടപിടിച്ചു കിടന്നു.
ചില പ്രദേശങ്ങളില്‍ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായി റിപ്പോർട്ടുകളുണ്ട്. മറയൂരിനു സമീപമുള്ള തലയാറില്‍ മൈനസ് രണ്ടിലേക്ക് എത്തിയതായും റിപ്പോർട്ടുകള്‍ പറയുന്നു.
പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞ് വീണു. ഇതോടെ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്നുണ്ട്.
ഇടുക്കി ജില്ലയില്‍ മൊത്തത്തില്‍ നല്ല തണുപ്പാണ്. തൊടുപുഴ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും അസാധാരണ തണുപ്പാണ് അനുഭവപ്പെടുന്നത്.
