പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്; ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകും: തിരിച്ചടിയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

തങ്ങൾ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും മികച്ച മുന്നേറ്റം നടത്താൻ കഴിയാത്തതിന്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്‌ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്പ്പറേഷനിൽ എൻഡിഎ നേടിയ വിജയം മതനിരപേക്ഷരതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വർഗീയശക്തികളുടെ കുടില തന്ത്രങ്ങളിലും ദുഷ്പ്രചാരണങ്ങളിലും ജനങ്ങൾ അകപ്പെടാതിരിക്കാൻ ഇനിയും ശക്തമായ ജാഗ്രത പുലർത്തേണ്ടതെന്ന മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

എല്ലാത്തരം വർഗീയതയ്ക്കും എതിരായ പോരാട്ടം ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയ്ക്കും തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.