കോട്ടയം: വീട് വയറിങ് ചെയ്യുന്നതിന് മുൻപ് ഇലക്‌ട്രിക്കല്‍ ലേഔട്ടും എസ്റ്റിമേറ്റും കൃത്യമായി തയ്യാറാക്കേണ്ടതുണ്ട്. വീട് നിർമ്മാണ ഘട്ടത്തില്‍ മേല്‍ക്കൂര വാർക്കുന്ന സമയത്താണ് വീട് വയറിങ് ചെയ്യുന്ന പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നത്.
കൂടാതെ വീടിനുള്ളില്‍ എവിടെയൊക്കെയാണ് ഇലക്‌ട്രിക്ക് പോയിന്റുകള്‍ വേണ്ടതെന്നും വീട്ടുപകരണങ്ങള്‍ എവിടെയൊക്കെയാണ് സ്ഥാപിക്കേണ്ടതെന്നും നേരത്തെ തീരുമാനിച്ചിരിക്കുകയും വേണം. ഇതിനുവേണ്ടി പരിചയ സമ്പന്നനായ ഇലക്‌ട്രീക്ഷ്യനെ സമീപിക്കുന്നത് നല്ലതായിരിക്കും. വീട് വയറിങ് ചെയ്യുമ്ബോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
സിംഗിള്‍ അല്ലെങ്കില്‍ ത്രീ ഫേസ്
പലർക്കും സംശയമുള്ള കാര്യമാണ് വീടിന് സിംഗിള്‍ ഫേസ് നല്‍കണോ അതോ ത്രീ ഫേസ് നല്‍കണോ എന്നത്. വീടുകളിലും ചെറിയ സ്ഥാപനങ്ങളിലുമാണ് സാധാരണമായി സിംഗിള്‍ ഫേസ് കണക്ഷൻ ഉപയോഗിക്കാറുള്ളത്. ഒരു ഫേസും ഒരു ന്യൂട്രലുമുള്ള രണ്ട് വയർ കണക്ഷനാണ് സിംഗിള്‍ ഫേസ്. ഇതില്‍ 230V സപ്ലൈയാണ് ലഭിക്കുന്നത്. 5000 വാട്ട് വരെ ഇത് ഉപയോഗിക്കാൻ സാധിക്കും. 5000 നും കൂടുതല്‍ വാട്ട് ആണെങ്കില്‍ ത്രീ ഫേസ് ഉപയോഗിക്കേണ്ടിവരും. ത്രീ ഫേസിന് മൂന്ന് ഫേസും ഒരു ന്യൂട്രലുമുള്ള 4 വയറുകളാണ് ഉള്ളത്. 415 വോള്‍ട്ട് വോള്‍ട്ടേജാണ് ത്രീ ഫേസിന് ലഭിക്കുന്നത്.
വയറിന്റെ നീളം
സാധാരണമായി വീടുകളില്‍ വയറിങ് ചെയ്യുമ്പോള്‍ കോപ്പർ വയറുകളാണ് ഉപയോഗിക്കുന്നത്. വയർ വാങ്ങുമ്പോള്‍ ഐഎസ്‌ഐ മുദ്രയുള്ളവ നോക്കി വാങ്ങേണ്ടതുണ്ട്. പിവിസി പൈപ്പുകളാണ് വയറിങ് ചെയ്യുമ്പോള്‍ ഉപയോഗിക്കേണ്ടത്. ഇത് വയറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയാനും, എലികള്‍ വയർ കടിച്ചുമുറിക്കുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കും. 15 മി.മീ മുതല്‍ 25 മി.മീ വരെ വ്യാസം വരുന്ന പിവിസി പൈപ്പുകള്‍ ഉണ്ട്. ഇത് ഉപയോഗിച്ച് വയറിങ് ചെയ്യാൻ സാധിക്കും. ഇനി പൂശാത്ത ചുമരാണെങ്കില്‍ വീടിന് പുറത്തുകൂടെയാണ് വയറിങ് ചെയ്യേണ്ടത്.
സ്വിച്ചുകള്‍
വയറിങ് ചെയ്യാൻ പ്ലാൻ ചെയ്യുമ്പോള്‍ തന്നെ ഏതുതരം സ്വിച്ചുകള്‍ വാങ്ങണമെന്ന് നോക്കേണ്ടതുണ്ട്. ഐഎസ്‌ഐ മുദ്രയുള്ള ബ്രാൻഡുകള്‍ തന്നെ വാങ്ങിക്കാൻ ശ്രദ്ധിക്കണം. ചിലവ് കുറയ്ക്കുന്നതിനായി രണ്ട് മുറികള്‍ക്കും കൂടി പൊതുവായി ഒരു ചുവരില്‍ തന്നെ സ്വിച്ചുകള്‍ ഘടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ രണ്ടിടത്തേക്കും വയറിന്റെ ആവശ്യം വരുന്നില്ല. വയറിന്റെ അളവും കുറയ്ക്കാൻ സാധിക്കും.
എർത്തിങ് ചെയ്യണം
വീടുകളില്‍ എർത്തിങ് ചെയ്യേണ്ടത് അത്യാവശ്യമായ കാര്യമാണ്. വൈദ്യുതി സുരക്ഷക്ക് വേണ്ടിയാണ് എർത്തിങ് ചെയ്യുന്നത്. ഇതുവഴി എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചാല്‍ വൈദ്യുത പ്രവാഹം ഭൂമിയിലേക്ക് പ്രവഹിക്കുന്നതിനുള്ള ഒരു പാത നല്‍കുവാനും വൈദ്യുതാഘാതവും ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും ചെയ്യുന്നു.
