‘പ്രിയപെട്ടവരെ, എന്റെ മക്കള്‍ പുതിയ സ്‌കൂളിലേക്ക്; അവരുടെ ഡിഗ്‌നിറ്റി ഉയര്‍ത്തിപ്പിടിച്ചു തന്നെ; അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്’; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ഥിനി പുതിയ സ്‌കൂളിലേക്ക്; പിന്തുണയ്ക്ക് നന്ദി അറിയിച്ച് പിതാവ്

കൊച്ചി: സെന്റ് റീത്താസ് സ്‌കൂളില്‍ യൂണിഫോം കോഡ് തെറ്റിച്ചതിന് ടിസി വാങ്ങിയ പെണ്‍കുട്ടി പുതിയ സ്‌കൂളില്‍ അഡ്മിഷനെടുത്തു.

മകള്‍ പുതിയ സ്‌കൂളില്‍ ചേരുന്നതായി അറിയിച്ച്‌ പിതാവ് അനസ് നൈന ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ‘പ്രിയപെട്ടവരെ, മക്കള്‍ ഇന്ന് പുതിയ സ്‌കൂളിലേക്ക്.. അവരുടെ ഡിഗ്‌നിറ്റി ഉയര്‍ത്തിപിടിച്ചു തന്നെ. അവളുടെ തലയിലെ മുക്കാല്‍ മീറ്റര്‍ തുണി കണ്ടാല്‍ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ല എന്ന് ഉറപ്പുള്ള കലാലയത്തിലേക്ക്’…. എന്നാണ് അനസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മക്കള്‍ രണ്ടു പേരുടെയും ചിത്രവും പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.
‘പ്രതിസന്ധി ഘട്ടത്തില്‍, ആള്‍ക്കൂട്ടങ്ങളുടെയോ, സംഘടിത ശക്തിയുടെയോ പിന്‍ ബലമില്ലാത്ത ഒരു സാധാരണക്കാരനായ എന്റെ ഒപ്പം നിന്ന മുഴുവന്‍ പേര്‍ക്കും പ്രാര്‍ത്ഥനാ മനസ്സോടെ, നന്ദിയോടെ… വൈവിധ്യങ്ങളുടെ കളറുള്ള പുതു ലോക ക്രമത്തിലേക്ക് നമ്മുടെ മക്കള്‍ യാത്ര തുടരട്ടെ’ -അദ്ദേഹം കുറിച്ചു.