കോട്ടയം : ഗവ.വി.എച്ച്.എസ്.എസ് വളപ്പിലെ കെട്ടിടം പൊളിക്കല്‍ വിവാദത്തില്‍. തിരക്കിട്ട് പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതും പുതിയ കവാടം നിര്‍മിക്കുന്നതും നവകേരള സദസ്സിനായിട്ടാണെന്നാണ് ആക്ഷേപം. ഇത്രയുംകാലം കവാടനിര്‍മാണം ചുവപ്പുനാടയില്‍ കിടന്നത് ഒരുമാസം കൊണ്ട് കുരുക്കഴിച്ച് നിര്‍മാണം അതിവേഗമായതാണ് രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. എതിരാളികള്‍ സമൂഹമാധ്യമങ്ങളില്‍ വാദങ്ങളുയര്‍ത്തിയതോടെ സി.പി.എം അണികളും മറുപടിയുമായി രംഗത്തെത്തി. ഇതിനിടെ സ്‌കൂള്‍ അധികൃതരില്‍നിന്നുള്ള ഔദ്യോഗിക വിശദീകരണവും പുറത്തുവിട്ടു.
വികസനപ്രവര്‍ത്തനങ്ങളെ തുരങ്കംവെക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആരോപണം.2020ല്‍ കെട്ടിടം നിര്‍മിച്ചതോടെ പഴയത് ഉപയോഗശൂന്യമായി. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണ അപകടകരമായ സ്ഥിതിയായിരുന്നുവെന്നാണ് മാനേജിങ് കമ്മിറ്റി വിശദീകരണം. എന്നാല്‍, പൊളിക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ സെപ്റ്റംബര്‍ 27ന് മാനേജ്‌മെന്റ് കമ്മിറ്റി, പി.ടി.എ ഭാരവാഹികളുടെ യോഗം ചീഫ് വിപ്പ് ഡോ.എൻ. ജയരാജിനും ജില്ല പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ് കുമാറിനും പരാതി നല്‍കി.
തുടര്‍ന്ന് ഒക്ടോബര്‍ 28ന് ചേര്‍ന്ന ജില്ല വികസന സമിതിയില്‍ എം.എല്‍.എ വിഷയം അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് വില നിശ്ചയിച്ചാല്‍ ഒരാഴ്ചക്കകം പൊളിച്ചുനീക്കാമെന്നും അറിയിച്ചു. അന്നുതന്നെ ഉപഡയറക്ടര്‍ കെട്ടിടം പൊളിക്കാനുള്ള ലേലനടപടികള്‍ക്ക് അനുമതി നല്‍കി. തുടര്‍ന്ന് നടന്ന ലേലത്തില്‍ ഈ മാസം 21ന് നടന്ന ലേലത്തില്‍ 76 പേര്‍ പങ്കെടുക്കുകയും ആലപ്പുഴ സ്വദേശി അനുമതി നേടുകയും ചെയ്തു. ഇവരുടെ സൗകര്യാര്‍ഥമാണ് ഇപ്പോള്‍ കെട്ടിടം പൊളിക്കുന്നത്.
ജില്ല പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ് കുമാര്‍ 20 ലക്ഷം രൂപ അനുവദിച്ചാണ് ചുറ്റുമതിലും കവാടവും നിര്‍മിക്കുന്നതെന്ന് മാനേജിങ് കമ്മിറ്റി ചെയര്‍മാൻ പി.ജി. ജനീവ് പറഞ്ഞു. 2021 -22 സാമ്ബത്തിക വര്‍ഷം അനുമതി ലഭിച്ച ചുറ്റുമുതലിന്റെ നിര്‍മാണം മരം മുറിക്കാനുള്ള കാലതാമസം മൂലമാണ് വൈകിയത്. അടുത്തിടെ സോഷ്യല്‍ ഫോറസ്ട്രിയുടെ അനുമതിയോടെ മരങ്ങള്‍ മുറിച്ചുമാറ്റിയതോടെയാണ് നിര്‍മാണം വേഗത്തിലായത്.
