ഡല്‍ഹി: ഏകദിന ലോകകപ്പ് ഫെെനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ വിജയ കിരീടം നേടിയിരുന്നു.
ഇതിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ മാര്‍ഷ് ഹോട്ടല്‍ റൂമില്‍ ലോകകപ്പ് കിരീടത്തിന് മുകളില്‍ കാലുകള്‍ കയറ്റിവച്ച് വിശ്രമിക്കുന്ന ചിത്രം വൈറലാകുകയും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയന്‍ ക്യാപ്ടന് പാറ്റ് കമ്മിന്‍സാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഡ്രസിംഗ് റൂമില്‍ വച്ച് ബിയര്‍ ഒരു കെെയില്‍ പിടിച്ച ശേഷം ലോകകപ്പ് കിരീടത്തിന് മുകളില്‍ കാലുകള്‍ കയറ്റിവച്ചതായിരുന്നു പുറത്തുവന്ന ചിത്രം.
ഇത് വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ താരത്തിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് അലിഗഢില്‍ നിന്നുള്ള ആര് ടി ഐ ആക്റ്റിവിസ്റ്റ് പണ്ഡിറ്റ് കേശവ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തിട്ടുമുണ്ടെന്നാണ് വിവരം.
മാര്‍ഷ് ലോക കിരീടത്തിനോട് അനാദരവ് കാണിച്ചുവന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ മാര്‍ഷിനെ ഇനി ഇന്ത്യയില്‍ കളിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു. മാര്‍ഷിന്റെ നടപടിയില്‍ ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ടെങ്കിലും ഓരോ ടീമിനും ഓരോ സംസ്കാരമുണ്ടെന്നും അത് തെറ്റല്ലെന്നും
ചിലര്‍ വാദിക്കുന്നുണ്ട്.
ഇതിന് മുൻപും പല മത്സരങ്ങളിലും ജയിച്ച ടീം ലഭിച്ച ട്രോഫിയുടെ മേല്‍ കാല് കയറ്റി വച്ച് ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്.
