വീട്ടില്‍ ഈ ചെടികളുണ്ടെങ്കില്‍ കൊതുക് ഏഴയലത്ത് അടുക്കില്ല; രോഗങ്ങളും അകറ്റാം

വീട്ടില്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും അടക്കം ഏറ്റവും കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് കൊതുക് ശല്യം.

മഴക്കാലത്താണ് കൊതുക് ശല്യം രൂക്ഷമാകുന്നത്. ഉറക്കം കളയുന്നത് പോട്ടെ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങി കൊതുകുകള്‍ പരത്തുന്ന രോഗങ്ങളുടെ പട്ടികയും നീണ്ടതാണ്. കൊതുക് തിരികളും സ്പ്രേകളും ഉള്‍പ്പെടെ കൊതുകിനെ അകറ്റാൻ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില ചെടികള്‍ വീട്ടില്‍ വളർത്തിയാലും കൊതുകിന്റെ ശല്യം ഒരു പരിധി വരെ പരിഹരിക്കാനാകും.

ഇ‌ഞ്ചിപ്പുല്ല് അഥവാ ലെമണ്‍ ഗ്രാസ് കൊതുകിനെ അകറ്റുന്നതില്‍ വളരെ ഫലപ്രദമാണ്. ഇഞ്ചിപ്പുല്ലില്‍ നിന്നെടുക്കുന്ന സുഗന്ധ ദ്രവ്യം വിവിധ ഔഷധങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ചെണ്ടുമല്ലിയാണ് മറ്റൊന്ന്. നല്ല സുഗന്ധം ആണെങ്കിലും ഇതിന്റെ മണം ചില ജീവികള്‍ക്ക് പഥ്യമല്ല. പച്ചക്കറികള്‍ക്കൊപ്പം ചെണ്ടുമല്ലി വളർത്തുന്നത് പുഴുക്കള്‍, പ്രാണികള്‍ എന്നിവയെ അകറ്റാനും സഹായിക്കും, വീടിന്റെ മുറ്റത്ത് ചെണ്ടുമല്ലി നടുന്നതാണ് കൊതുകിനെ നിയന്ത്രിക്കാൻ കൂടുതല്‍ ഫലപ്രദം.

വേപ്പിന്റെ ഔഷധ ഗുണം പ്രസിദ്ധമാണ്. ശക്തമായ കൊതുക് നാശിനി കൂടിയാണ് വേപ്പ്. വേപ്പ് അടങ്ങിയിട്ടുള്ള കൊതുക് നാശിനികളും ബാമുകളും വിപണിയില്‍ ലഭ്യമാണ്. കൊതുക് ശല്യം അകറ്റാൻ വേപ്പ് മുറ്റത്ത് വളർത്തിയാല്‍ മതി.

മറ്റൊരു ഔഷധ സസ്യമായ തുളസിയും കൊതുക് ശല്യം അകറ്റുന്നതിന് സഹായിക്കുന്നു. തുളസിയില ചതച്ചെടുത്ത വെള്ളം വീടിന് പുറത്തും അകത്തും തളിക്കുന്നത് കൊതുക് ശല്യം അകറ്റും. മുറ്റത്ത് നടുന്നതാണ് ഫലപ്രദമായ മാർഗം.