കോട്ടയം: രാവിലെ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണെന്ന് ചിന്തിക്കുന്നവരാണ് കൂടുതല്‍ പേരും. ആപ്പിള്‍ മാത്രം കഴിച്ച് ദിവസം ആരംഭിക്കുന്നവര്‍ ഏറെയുണ്ട്.
ഇത് ദഹനത്തിന് നല്ലതാണെന്നും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും പലരും കരുതുന്നു. ഇത് യഥാര്‍ത്ഥത്തില്‍ സത്യമാണോ അതോ തെറ്റിദ്ധാരണയാണോ?
പഴങ്ങളില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ഉണ്ട്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിലെ ഒരു പ്രധാന ഘടകമാണ് പഴങ്ങള്‍. സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാല്‍ സമ്പന്നമാണ് പഴങ്ങള്‍. ശരീരത്തിന് ആവശ്യമായ ഊര്‍ജവും രോഗപ്രതിരോധശേഷിക്ക് വേണ്ട പോഷകങ്ങളും നല്‍കുന്നു.
വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ പോഷകങ്ങള്‍ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമെന്ന് കരുതിയാണ് പലരും വെറുംവയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നത്. എന്നാല്‍ രാവിലെ ഉണര്‍ന്ന് എഴുന്നേറ്റ ഉടന്‍ പഴങ്ങള്‍ കഴിക്കുന്നത് അത്ര ഗുണം ചെയ്യില്ലെന്നും ചില സന്ദര്‍ഭങ്ങളില്‍ ഇത് ദഹന പ്രശ്‌നങ്ങള്‍ക്കും രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനയ്ക്കും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പഴങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും അവ വെറും വയറ്റില്‍ കഴിക്കുന്നത് ദോഷം ചെയ്യും. പഴങ്ങളില്‍ പ്രകൃതിദത്തമായി പഞ്ചസാര (ഫ്രക്ടോസ്) അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ദ്രുതഗതിയിലുള്ള വര്‍ധനയ്ക്കു കാരണമാകും. പ്രത്യേകിച്ച് പ്രമേഹം ഉള്ളവരില്‍. ഇത് ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിക്കും.
ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവയില്‍ ഉയര്‍ന്ന അളവില്‍ അസിഡിയുണ്ട. അതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റില്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. പതിവായി ഇവ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ വരുത്തിവയ്ക്കും. നെഞ്ചെരിച്ചില്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ആഹാരത്തോടൊപ്പം ഇവ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
ഫൈബര്‍ ധാരാളമടങ്ങിയ ആപ്പിള്‍, പിയേഴ്‌സ് തുടങ്ങിയ പഴങ്ങള്‍ വെറുംവയറ്റില്‍ കഴിച്ചാല്‍ ചിലപ്പോള്‍ വയറുവേദന, ഗ്യാസ്, മലബന്ധം, മറ്റ് അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെട്ടേക്കാം. ഉച്ച ഭക്ഷണത്തിന് ശേഷം ലഘുഭക്ഷണമായി പഴങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് സ്ഥിരമായ ഊര്‍ജം നിലനിര്‍ത്താനും പഞ്ചസാരയുടെ അളവ് കുറയുന്നത് തടയാനും സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും.
