കോട്ടയം: ആർത്തവ ദിനങ്ങളില്‍ വയറ് വേദനയും മറ്റ് അസ്വസ്ഥകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ആർത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്.
ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.
പിരീഡ്സ് സമയത്തെ വേദന അകറ്റാൻ മികച്ചതാണ് പാലക്ക് ചീര. ഇതില്‍ ഇരുമ്പിന്റെ അളവ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ചീര ക്ഷീണത്തിനെതിരെ പോരാടുകയും ഇരുമ്പിന്റെ കുറവുമൂലം ഉണ്ടാകുന്ന വേദന കുറയ്ക്കുകയും ചെയ്യുന്നു.
ഫുഡ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ചീരയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു പ്രധാന ഘടകമായ മഗ്നീഷ്യം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു. പേശി സങ്കോചത്തിനും വേദനയ്ക്കും കാരണമാകുന്ന ഹോർമോണ്‍ പോലുള്ള സംയുക്തങ്ങളായ പ്രോസ്റ്റാഗ്ലാൻഡിനുകളുടെ പ്രകാശനം തടയുന്നതിലൂടെ മഗ്നീഷ്യം പ്രവർത്തിക്കുന്നു.
കാത്സ്യം, വിറ്റാമിൻ കെ, മഗ്‌നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ പാലക് ചീര പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരംക്ഷിക്കും. പതിവായി പാലക് ചീര കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യസംരംക്ഷണത്തിന് നല്ലതാണ്.
പാലക് ചീരയില്‍ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഡയറ്റില്‍ ഇതുള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
