ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവ് നോബി ലൂക്കോസിനെ റിമാൻഡ് ചെയ്തു

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നോബി ലൂക്കോസിനെ റിമാൻഡ് ചെയ്തു. ഏറ്റുമാനൂർ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

നോബിയെ കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റും. അതേസമയം, ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടേയും ആത്മഹത്യയില്‍ മരിച്ച ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് വിവരം. പല തവണ ശ്രമിച്ചിട്ടും ജോലി കിട്ടാത്തത് അസ്വസ്ഥയാക്കി. ഇത് വ്യക്തമാക്കുന്നതാണ് മരിക്കുന്നതിന് മുമ്പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശം.

സന്ദേശത്തില്‍ സങ്കടങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ഒരുപാട് അന്വേഷിച്ചിട്ടും നാട്ടില്‍ ജോലി കിട്ടുന്നില്ല. മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ട് എവിടേലും ജോലിക്ക് പോകണം. വിദേശത്തേക്ക് പോകണമെങ്കിലും എക്‌സിപീരിയന്‍സ് വേണം. വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനി പറയുന്നുണ്ട്.

പല തവണ നോട്ടീസ് അയച്ചിട്ടും ഭര്‍ത്താവ് നോബി അത് കൈപ്പറ്റിയില്ല. ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനോട് പറയുന്നുണ്ട്. ഭർത്താവ് നോബി ലൂക്കോസ് പലപ്പോഴായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്നാണ് ഷൈനി വീടുവിട്ടിറങ്ങിയതും വിവാഹമോചനത്തിന് ശ്രമിച്ചതും.

ഷൈനി മരിക്കുന്നതിന്റെ തലേന്ന് നോബി വാട്സ്ആപ്പിൽ ചില സന്ദേശങ്ങൾ അയച്ചിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള സന്ദേശമാണ് അയച്ചതെന്ന് നോബി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതാകാം പെട്ടെന്ന് മരണത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ സംശയം. ഈ കഴിഞ്ഞ 28 നാണ് രണ്ടു പെൺമക്കൾക്കൊപ്പം ഷൈനി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യചെയ്തത്