ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 4 ദിനങ്ങൾ പിന്നിട്ടു; ഇന്നലെ നടന്ന ഉത്സവ ബലി ദർശനത്തിന് മാത്രം ക്ഷേത്രത്തിലെത്തിയത് ആയിരങ്ങൾ; ഇന്ന് അഞ്ചാം ഉത്സവം…

ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ ഉത്സവം 4 ദിനങ്ങൾ പിന്നിട്ടതോടെ ഏറ്റുമാനൂരപ്പനെ കണ്ട് വണങ്ങാനും വഴിപാടുകൾ സമർപ്പിക്കുവാനും ക്ഷേത്രാങ്കണത്തിൽ വൻ ഭക്തജനത്തിരക്ക്.

ഇന്നലെ നടന്ന ഉത്സവ ബലി ദർശനത്തിന് മാത്രം ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. പ്രധാന വഴിപാടായ കെടാവിളക്കിൽ എണ്ണ ഒഴിക്കാനും പ്രസാദമൂട്ടിനും വലിയ തിരക്കായിരുന്നു. അവധി ദിവസം ആയിരുന്നതിനാൽ ഭക്തരുടെ സുരക്ഷയ്ക്കും ദർശന സൗകര്യത്തിനുമായി കൂടുതൽ സജ്ജീകരണങ്ങൾ ദേവസ്വവും പൊലീസും ഒരുക്കിയിരുന്നു.

കഥകളി കാണുവാൻ മുൻ വർഷത്തെപ്പോലെ വിദേശികളും ക്ഷേത്ര മൈതാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ ശ്രീബലി എഴുന്നള്ളത്തിനോട് അനുബന്ധിച്ചു നടന്ന ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും 85ൽപ്പരം കലാകാരന്മാരും അണി നിരന്ന സ്പെഷൽ പഞ്ചാരി മേളവും വൈകിട്ട് കാഴ്ച ശ്രീബലി എഴുന്നള്ളത്തിനോട് അനുബന്ധിച്ച് കലാമണ്ഡലം വിനയനും 55ൽ പരം കലാകാരന്മാരും ചേർന്നൊരുക്കിയ പഞ്ചവാദ്യവും മേള പ്രേമികളെ ആവേശത്തിലാക്കി.

ഇന്ന് ശ്രീബലിക്ക് പെരുവനം സതീശൻ മാരാർ ആൻഡ് പാർട്ടിയുടെ സ്പെഷൽ പഞ്ചാരിമേളം നടക്കും. 95ൽപ്പരം കലാകാരന്മാർ അണി നിരക്കും. ഉത്സവത്തോടനുബന്ധിച്ച് നടന്നു വരുന്ന ദേശ താലപ്പൊലി സമർപ്പണത്തിനും ഇന്നലെ തുടക്കമായി. 205–ാം നമ്പർ ഏറ്റുമാനൂർ വിളക്കിത്തല നായർ സമുദായത്തിന്റെ താലപ്പൊലി സമർപ്പണത്തോടെയാണ് ഇക്കുറി ദേശ താലപ്പൊലികൾക്ക് ആരംഭം കുറിച്ചത്.

ഇന്ന് ഏറ്റുമാനൂർ കാക്കാല സമുദായ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള താലപ്പൊലി സമർപ്പണം നടക്കും. രണ്ടാം ഉത്സവ ദിനം മുതൽ ആരംഭിച്ച ഉത്സവബലിയും കാട്ടാംപാക്ക് മഠത്തിൽ കുടുംബത്തിന് അവകാശമായ വേലകളിയും ഒൻപതാം ഉത്സവം വരെ തുടരും.