കോട്ടയം: പ്രതികൾ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നെന്ന് പൊലീസ്. മദ്യമടക്കം വാങ്ങാൻ പരാതിക്കാരനായ വിദ്യാർത്ഥിയോട് പ്രതികൾ പണം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വിദ്യാർത്ഥി പണം കൊടുക്കാൻ തയ്യാറായില്ല. പണം കൊടുക്കാതെ വന്നതോടെയാണ് കട്ടിലിൽ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെയാണ് പകർത്തിയത്
നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ മുഴുവൻ സമയ വാർഡൻ ഉണ്ടാകില്ലെന്ന് കോളജ് പ്രിൻസിപ്പല്‍.
അധ്യാപകനാണ് അസിസ്റ്റന്റ് വാർഡന്റെ ചുമതലയെന്നും കോളേജ് പ്രിൻസിപ്പല്‍ സുലേഖ വെളിപ്പെടുത്തി. രാത്രികാലങ്ങളില്‍ ഹൗസ് കീപ്പിങ് സ്റ്റാഫാണ് ഹോസ്റ്റലിലെ കാര്യങ്ങള്‍ നോക്കുന്നത്. അതേസമയം, റാഗിങ് വിഷയത്തില്‍ വീഴ്ചയിട്ടുണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാള്‍ ആവർത്തിക്കുന്നത്.
മുമ്ബ് ഇത്തരം പരാതികള്‍ ഉയർന്നിട്ടില്ലെന്നും പ്രിൻസിപ്പല്‍ പറയുന്നു. കുറ്റക്കാർക്കാർക്കെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെടുമെന്നും പ്രിൻസിപ്പല്‍ വ്യക്തമാക്കി. സംഭവത്തില്‍ ഹോസ്റ്റല്‍ ചുമതലക്കാരനോട് വിശദീകരണം തേടും. അടുത്ത ആഴ്ച രക്ഷകർത്താക്കളുടെ യോഗം വിളിക്കുമെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.
അതേസമയം, കോട്ടയം സർക്കാർ നഴ്സിംഗ് കോളജില്‍ കൂടുതല്‍ വിദ്യാർത്ഥികള്‍ പ്രതികളുടെ റാഗിങ്ങിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് വ്യക്തമാക്കി.
ഇതിനായി വിദ്യാർത്ഥികളെ നേരില്‍കണ്ട് മൊഴിയെടുക്കും. നിലവില്‍ പ്രതികള്‍ക്കെതിരെ ഒരു വിദ്യാർത്ഥി മാത്രമാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തി പണംതട്ടിയതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തില്‍ കൂടുതല്‍വിവരങ്ങള്‍ ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സംഭവത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും യു.ജി.സി നിർദേശങ്ങളും പരിഗണിച്ചാകും നടപടിയെടുക്കുക. കൂടുതല്‍ വിദ്യാർത്ഥികളില്‍നിന്ന് മൊഴിയെടുക്കും.
