ക്രമം തെറ്റിയ ആര്‍ത്തവചക്രമാണോ നിങ്ങളുടേത്…? എങ്കിൽ സൂക്ഷിക്കുക; ഇത് സ്ത്രീകളില്‍ ഹൃദ്രോഗ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത….!

കോട്ടയം: ഒരു സ്ത്രീയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും സൂചകമാണ് ആര്‍ത്തവചക്രം.

അതിനാല്‍ ക്രമം തെറ്റിയ ആര്‍ത്തവം സ്ത്രീകളില്‍ പല രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് പറയുന്നത്. ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പല രോഗങ്ങളെ കുറിച്ചും ഇവ സൂചന നല്‍കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ആര്‍ത്തവചക്രം നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രൊജസ്ട്രോണും. ഈ ഹോര്‍മോണുകള്‍ ഹൃദയാരോഗ്യ സംവിധാനത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഹൃദയത്തെ സംരക്ഷിക്കുന്ന നിരവധി ഘടകങ്ങള്‍ അടങ്ങിയ ഹോര്‍മോണാണ് ഈസ്ട്രജന്‍. ഇവ രക്തധമനികളുടെ പിരിമുറുക്കം ഇല്ലാതാക്കുകയും നീര്‍ക്കെട്ട് കുറയ്‌ക്കുകയും കൊളസ്ട്രോള്‍ തോത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അതിനാല്‍ ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത കുറയ്‌ക്കാനും ഈസ്ട്രജന്‍ സഹായിക്കുന്നു.
ആര്‍ത്തവം ക്രമം തെറ്റുന്ന സ്ത്രീകളില്‍ ഹോര്‍മോണല്‍ അസന്തുലനം മൂലമാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. ഇത് അവരുടെ ഹൃദയാരോഗ്യത്തെ ഉള്‍പ്പെടെ ബാധിക്കുന്നു.

ക്രമം തെറ്റിയ ആര്‍ത്തവ മുറയിലേക്ക് നയിക്കുന്ന ഹോര്‍മോണല്‍ തകരാറുകളില്‍ ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്). പിസിഒഎസ് ഉള്ള സ്ത്രീകളില്‍ പുരുഷ ഹോര്‍മോണുകളായ ആന്‍ഡ്രോജന്റെ തോതും ഇന്‍സുലിന്‍ പ്രതിരോധവും വണ്ണവും കൂടുതലായിരിക്കും. ഇവയെല്ലാം ഹൃദ്രോഗവുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്.

അമിതമായ വ്യായാമം, കുറഞ്ഞ ശരീര ഭാരം, ഭാരം വര്‍ദ്ധിക്കുമോ എന്ന ഭീതി എന്നിവയുടെ ഫലമായി ചില സ്ത്രീകളില്‍ ആര്‍ത്തവം തന്നെ നടക്കാത്ത അവസ്ഥയുണ്ടാകാം. അമെനോറിയ എന്നാണ് ഈ അവസ്ഥയുടെ പേര്. അമെനോറിയ ഉള്ള സ്ത്രീകളില്‍ ഈസ്ട്രജന്‍ തോത് കുറഞ്ഞിരിക്കുന്നത് അവരെ ഹൃദ്രോഗ സാധ്യതകളിലേക്ക് നയിക്കുന്നു.

ക്രമം തെറ്റിയ ആര്‍ത്തവം ചയാപചയ പ്രശ്നം മൂലവും സംഭവിക്കാം. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര, അമിതവണ്ണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെല്ലാം സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാം. നിരന്തരമായ സമ്മര്‍ദവും മാനസികാരോഗ്യ പ്രശ്നങ്ങളും ആര്‍ത്തവ ചക്രത്തെ ബാധിക്കാറുണ്ട്.