വമ്പൻ പദ്ധതികള്‍..! 3 വ‍ര്‍ഷത്തില്‍ 200 വന്ദേ ഭാരത്, 100 അമൃത് ഭാരത്, 17500 ജനറല്‍ നോണ്‍ എസി കോച്ചുകള്‍; വൻ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

ഡൽഹി: രാജ്യത്ത് കേന്ദ്ര ബജറ്റിന്റെ ചർച്ചകള്‍ മുറുകുന്നതിനിടെ മറ്റൊരു വൻ പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വേ- ഇലക്‌ട്രോണിക്സ്- ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.

ഇന്ത്യൻ റെയില്‍വേ ശൃംഖല രാജ്യത്തെമ്പാടും വ്യാപിപ്പിക്കുമെന്നും ജനങ്ങള്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ ട്രെയിൻ യാത്ര ഉറപ്പാക്കുമെന്നും ഇതിനായുളള തുക വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളില്‍ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍, 100 അമൃത് ഭാരത് ട്രെയിനുകള്‍, 50 നമോ ഭാരത് റാപ്പിഡ് റെയില്‍, 17,500 ജനറല്‍ നോണ്‍ എസി കോച്ചുകള്‍ എന്നിവ രാജ്യത്ത് കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കൂടാതെ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റില്‍ 2,52,000 കോടി രൂപ റെയില്‍വേ മന്ത്രാലയത്തിന് വകയിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നന്ദി പറഞ്ഞു.