മുംബൈ: പൂനെയില്‍ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു.
26 പേര്‍ വെന്‍റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം ബാധിച്ച യുവാവ് മരണപ്പെട്ടിരുന്നു. നിലവില്‍ 68 സ്ത്രീകളും 33 പുരുഷന്‍മാരുമാണ് രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
രോഗം കൂടുതല്‍ ആളുകളിലേക്ക് പടരാന്‍ തുടങ്ങിയതോടെ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെയും രൂപീകരിച്ചു. അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കല്‍ അവസ്ഥയാണിത്.
കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. ബലഹീനത, കൈകാലുകളില്‍ മരവിപ്പ്, നടക്കാനോ പടികള്‍ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളില്‍ പക്ഷാഘാതം തുടങ്ങിയവയും ഉണ്ടാകാറുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
