മലയാളത്തിന്റെ എംടിക്ക് വിട; സ്മൃതിപഥം ശ്‌മശാനത്തില്‍ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി; ചടങ്ങുകള്‍ നിർവ്വഹിച്ചത് സഹോദരന്റെ മകൻ ടി സതീശൻ

കോഴിക്കോട്: മലയാളത്തിന്റെ സ്വന്തം കഥാകാരൻ എംടി വാസുദേവൻ നായർക്ക് വിട.

സ്മൃതിപഥം ശ്‌മശാനത്തില്‍ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയ ശേഷമായിരുന്നു സംസ്‌കാരം.
എംടിയുടെ സഹോദരന്റെ മകൻ ടി സതീശനാണ് ചടങ്ങുകള്‍ നിർവ്വഹിച്ചത്.

ചടങ്ങില്‍ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, മുഹമ്മദ് റിയാസ്, എം ബി രാജേഷ്, കടന്നപ്പളളി രാമചന്ദ്രൻ, കോഴിക്കോട് എം പി എം കെ രാഘവൻ, വടകര എം പി ഷാഫി പറമ്ബില്‍, സംവിധായകൻ ലോല്‍ ജോസ്, കോഴിക്കോട് മേയർ ബീന ഫിലിപ്പ് എന്നിവരും എത്തിച്ചേർന്നു. സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചാരണം നടക്കും.

നിരവധി പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വസതിയായ സിതാരയില്‍ എത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും എംടിയെ അനുസ്മരിച്ചു. മലയാളത്തിനപ്പുറം വായനക്കാരെ സ്വന്തമാക്കിയ എഴുത്തുകാരനാണ് എംടി, ഭാഷയ്ക്കും സമൂഹത്തിനും എംടി നല്‍കിയ സംഭാവന തലമുറകളോളം നിലനില്‍ക്കുമെന്നുമാണ് സ്റ്റാലിൻ അനുസ്മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എംടിയുടെ അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം കുറച്ച്‌ ദിവസങ്ങളായി ചികിത്സയിലായിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു.