ഉറ്റവരെല്ലാം നഷ്ടമായിട്ടും സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടില്ല; ഉരുള്‍പൊട്ടലില്‍ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട ചൂരല്‍മലയിലെ ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും; ആദ്യ നിയമനം കളക്ടറേറ്റില്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയില്‍ പ്രവേശിക്കും.

വയനാട് കളക്ടറേറ്റില്‍ റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതി സർക്കാർ സർവീസില്‍ ജോയിൻ ചെയ്യുന്നത്. ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം നഷ്ടമായിരുന്നു. പിന്നീടുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരനും കൊല്ലപ്പെട്ടു. ഈ വാഹനാപകടത്തില്‍ ശ്രുതിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

വിധി വളരെ ക്രൂരമായി പെരുമാറിയ യുവതിക്ക് ആശ്വാസമായാണ് സംസ്ഥാന സർക്കാർ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനമാണ് ഇന്ന് യാഥാർത്ഥ്യമാകുന്നത്.

നിലവില്‍ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തില്‍ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്താണ് ആദ്യ നിയമനം കളക്ടറേറ്റില്‍ തന്നെ നല്‍കിയതും.