യുവാവിന്റെ മോഷണ ശ്രമം ആശുപത്രി സ്റ്റാഫ് പാര്‍ക്കിംഗ് ഏരിയയില്‍; ജീവനക്കാരുടെ സ്കൂട്ടറുകള്‍ മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍

തൃശ്ശൂർ: ആശുപത്രി പാർക്കിംഗ് ഏരിയയില്‍ കടന്ന് വാഹനങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

മുളങ്കുന്നത്ത്കാവ് ഗവണ്‍മെന്റ് ചെസ്റ്റ് ആശുപത്രിയിലാണ് ബൈക്ക് മോഷ്ടിക്കാൻ യുവാവിന്റെ ശ്രമം.
ആശുപത്രി സ്റ്റാഫുകളുടെ വാഹനങ്ങള്‍ പാർക്ക് ചെയ്തിരുന്ന പാർക്കിംഗ് ഏരിയയില്‍ നിന്നാണ് ജീവനക്കാരുടെ സ്കൂട്ടറുകള്‍ മോഷ്ടിക്കാൻ ശ്രമിച്ചത്.

വാടാനപ്പള്ളി സ്വദേശി ഷഫീഖ് ആണ് തൃശൂർ മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്.
പ്രതിയില്‍ നിന്ന് സ്കൂട്ടറുകള്‍ കുത്തിത്തുറന്ന് സ്റ്റാർട്ട് ചെയ്യുന്നതിനുള്ള സാമഗ്രികള്‍ പിടികൂടി.

ആശുപത്രി ജീവനക്കാരായ ബിന്ദു, രാംകുമാർ എന്നിവരുടെ സഹായത്തോടെയാണ് ഷഫീഖിനെ പിടികൂടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഷഫീഖിനെ അറസ്റ്റ് ചെയ്തതോടെ നിരവധി കേസുകള്‍ തെളിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.