ഇന്ദുജയുടെ സുഹൃത്തുക്കളെ ചൊല്ലി നിരന്തരം വഴക്ക്; ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും; പാലോട് ആത്‍മഹത്യയില്‍ കൂടുതൽ അന്വേഷണം

തിരുവനന്തപുരം: പാലോട് നവാവധു ഇന്ദുജയുടെ ആത്മഹത്യയില്‍ ഭർത്താവ് അഭിജിത്തിനെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കും.

നിലവില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജിത്തും കൂട്ടുകാരൻ അജാസും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. അജാസ് ഇന്ദുജയെ മർദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റ മൊഴി.

ഇന്ദുജയുടെ ദേഹത്തെ പരിക്കുകള്‍ അടുത്ത കാലത്ത് ഉണ്ടായതാണെന്ന് പൊലീസ് പറയുന്നു. അതേസമയം, ഇന്ദുജയുടെ ഒരു സുഹൃത്തിനെ കൂടി ഇന്നലെ രാത്രി ചോദ്യം ചെയ്തു.

പനവൂർ മൂന്നാനക്കുഴി സ്വദേശിയെയാണ് ചോദ്യം ചെയ്തത്. ഇന്ന് കൂടുതല്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇന്ദുജയുടെ സുഹൃത് ബന്ധങ്ങളെ ചൊല്ലി അഭിജിത് സ്ഥിരം വഴക്ക് ഉണ്ടാക്കുമായിരുന്നു. അഭിജിത്തും അജാസും തമ്മിലും ഇതേ ചൊല്ലി വഴക്കുണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തി.