തിരുവനന്തപുരം: സപ്ലൈകോയില്‍ വീണ്ടും സബ്സിഡി സാധനങ്ങള്‍ക്ക് ക്ഷാമം.
സംസ്ഥാനത്തെ ഒട്ടുമിക്ക ഔട്ട്ലെറ്റുകളിലും സാധനങ്ങള്‍ ഇല്ല.
പർച്ചേസിങ്ങ് ഓർഡർ വിളിച്ചെങ്കിലും കോടി കണക്കിന് രൂപ കുടിശ്ശികയായതോടെ വിതരണക്കാരും ടെൻഡറില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയാണ്.
സർക്കാർ പണം നല്‍കിയില്ലെങ്കില്‍ സപ്ലൈകോ ഔട്ട്ലെറ്റുകള്‍ പൂട്ടിയിടേണ്ടിവരും.
ഇക്കഴിഞ്ഞ ഓണത്തിനാണ് 13 ഇന സബ്സിഡി സാധനങ്ങളടക്കം സപ്ലൈകോയില്‍ എത്തിയത്. റാക്കുകള്‍ നിറഞ്ഞതോടെ ആളുകള്‍ കൂടുതലായി സപ്ലൈകോയിലേക്ക് എത്തി.
ഓണത്തിന് ശേഷം സപ്ലൈകോ വീണ്ടും പഴയപടി. 13 ഇന സബ്സിഡി സാധനങ്ങളില്‍ അരിയൊഴികെ മറ്റൊന്നും ഔട്ട്ലെറ്റുകളില്‍ ഇല്ല. സാധനങ്ങള്‍ക്ക് സപ്ലൈകോ സബ്സിഡി നല്‍കുന്ന തുക സർക്കാർ കൃത്യസമയത്ത് അനുവദിക്കുന്നില്ല. ഇതാണ് സാധനങ്ങളുടെ ക്ഷാമത്തിന് കാരണം.
വിതരണക്കാർക്ക് കോടിക്കണക്കിന് രൂപ കുടിശ്ശികയായതോടെ അവരും ടെൻഡറില്‍ പങ്കെടുക്കുന്നില്ല. സാധനങ്ങള്‍ ഇല്ലെന്ന് അറിയാതെ സപ്ലൈകോയില്‍ എത്തുന്ന ഉപഭോക്താക്കള്‍ കയ്യും വീശി മടങ്ങുന്നു.
നല്‍കാനുള്ളതിന്‍റെ പകുതി തുക മാത്രമാണ് വിതരണക്കാർക്ക് നല്‍കിയത്. 175 കോടി രൂപ ധന വകുപ്പ് നെല്ല് സംഭരണത്തിന് വേണ്ടി സപ്ലൈകോയ്ക്ക് അനുവദിച്ചെങ്കിലും ഔട്ട്ലെറ്റുകളുടെ പ്രവർത്തനത്തിന് വേണ്ടി ഒന്നും നല്‍കിയില്ല. ഓണക്കാലത്ത് പ്രഖ്യാപിച്ച 225 കോടിയില്‍ ഇപ്പോഴും 100 കോടിയോളം രൂപ ലഭിക്കാനുണ്ട്.
