കോട്ടയത്ത് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക; മുൻ വൈരാഗ്യത്തെ തുടർന്ന് ഗുണ്ടാ നേതാവ് മനേഷ് തമ്പാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കോട്ടയം : പത്തനാട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള മുൻവൈരാഗ്യത്തെ തുടർന്ന് ഗുണ്ടാ നേതാവ് മനേഷ് തമ്പാനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി സച്ചു ചന്ദ്രന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

2021 ഒക്ടോബർ 18 നാണ് കേസിനാസ്പദമായ സംഭവം. കൊട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി ഗുണ്ടാ നേതാവായിരുന്ന മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപുരയ്ക്കൽ മഹേഷ് തമ്പാൻ (32) നെ പ്രതികൾ പട്ടാപ്പകൽ റബ്ബർ തോട്ടത്തിൽ വച്ച് ഓടിച്ചിട്ടു വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാൽപാദം മുറിച്ചുമാറ്റി ഇടയപ്പാറ ജംഗ്ഷനിലെ റോഡരികിൽ കൊണ്ടിടുകയായിരുന്നു.

റോഡരികിൽ കാൽപാദം കണ്ട് പരിഭ്രാന്തരായ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ സമീപത്തെ റബർത്തോട്ടത്തിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഗുണ്ടാസംഘത്തിലെ രണ്ടു പേർ പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു.

കടയനിക്കാട് വില്ലൻപാറ പുതുപ്പറമ്പിൽ ജയേഷ് (സുരേഷ് -30), കുമരകം കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചു ചന്ദ്രൻ (23) എന്നിവരാണ് അന്ന് മണിമല പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നത്.

ഇതിൽ രണ്ടാം പ്രതിയായ സച്ചുചന്ദ്രനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കു വേണ്ടി അഡ്വ. അഭിലാഷ് ജെ, അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.അജീഷ് പി നായർ എന്നിവർ ഹൈക്കോടതിയിൽ ഹാജരായി