നിക്ഷേപ തട്ടിപ്പില്‍ മുൻ മന്ത്രി വി എസ് ശിവകുമാര്‍ മൂന്നാം പ്രതി; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നിക്ഷേപകൻ നല്‍കിയ പരാതിയുടെ പിന്നാലെ മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനെതിരെ പൊലീസ് കേസെടുത്തു.

അണ്‍ എംപ്ളോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിലാണ് ശിവകുമാറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ബാങ്ക് നിക്ഷേപകനായ ശാന്തിവിള സ്വദേശി മധുസൂദനൻ നല്‍കിയ പരാതിയിലാണ് കരമന പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.

ശിവകുമാര്‍ പറഞ്ഞതനുസരിച്ചാണ് താൻ ബാങ്കില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചതെന്ന് മധുസൂദനൻ പരാതി നല്‍കിയിരിക്കുന്നത്. സംഘം നഷ്‌ടത്തിലായപ്പോള്‍ വി.എസ് ശിവകുമാര്‍ കൈമലര്‍ത്തിയതായും പരാതിയിലുണ്ട്.

300 ലധികം പേര്‍ക്കായി സൊസൈറ്റിയുടെ ശാഖകളില്‍ നിന്ന് 13 കോടിരൂപയാണ് ലഭിക്കാനുള്ളത്. കേസില്‍ സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രൻ നായരാണ് ഒന്നാം പ്രതി. മുൻ സെക്രട്ടറി നീലകണ്‌ഠനാണ് കേസില്‍ രണ്ടാം പ്രതി. രാജേന്ദ്രൻ നായര്‍, വി. എസ് ശിവകുമാറിന്റെ ബിനാമിയാണെന്നാണ് പണം നഷ്‌ടപ്പെട്ടവരുടെ ആരോപണം.