വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമം; കഴുത്തിനു മുറിവേറ്റ യുവതി ചികിത്സയിൽ; യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട്: വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം. കോഴിക്കോട് അത്തോളിയിലാണ് സംഭവം.

അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തിൽ കണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മക്കെതിരെയാണ് ആക്രമണം ഉണ്ടായത്.

കൊടക്കല്ലിൽ പെട്രോൾ പമ്പിനെ സമീപം വാടക വീട്ടിൽ താമസിക്കുന്ന മഷൂദ് (33) ആണ് വീട്ടമ്മയെ കത്തി വീശി കൊല്ലാൻ ശ്രമിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. ജോലി ചെയ്യുന്ന കടയിൽ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്.

കഴുത്തിന് മുറിവേറ്റ യുവതിയെ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിൽ ഷാൾ ഉള്ളതിനാൽ ആഴത്തിൽ മുറിവേൽക്കാതെ രക്ഷപ്പെട്ടു.

അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. രാത്രിയോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. യുവതിയുടെ പരാതിയിൽ മഷൂദിനെതിരെ വധശ്രമത്തിന് കേസെടുത്തു.