തിരുവനന്തപുരം: പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍.
പത്തനംതിട്ട മലയാലപ്പുഴ ഏറം സ്വദേശി സ്നേഹ അനില്‍ (ലച്ചു-23)ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി പത്തരയോടെ തിരുവനന്തപുരത്തെ മാനവീയം വീഥിക്കു സമീപത്തുവച്ച് വെമ്പായം തേക്കട സ്വദേശി ഷിജിത്തിനെ (25) കുത്തി പരുക്കേല്പിച്ച കേസിലാണ് ഏറത്തെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെ സ്നേഹയെ മ്യൂസിയം പൊലീസ് പിടികൂടിയത്.
കേസില്‍ അഞ്ചാം പ്രതിയാണ് സ്നേഹ. ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, ഷിയാസിന്റെ ബന്ധു സുഹൈല്‍, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റു പ്രതികള്‍.
ഷിജിത്തിന്റെയും പ്രതികളുടെയും സുഹൃത്താണ് സ്നേഹ. കുത്തേറ്റ ദിവസം സ്നേഹയാണ് ഷിജിത്തിനെ മാനവീയം വീഥിയിലേക്കു വിളിച്ചു വരുത്തിയത്. പ്രതികളുടെ നിർദേശപ്രകാരമായിരുന്നു ഇത്.
കുത്തേറ്റ ഷിജിത്തിനെ കാറില്‍ കയറ്റി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ക്കൊപ്പം ട്രെയിൻ മാർഗം സ്നേഹയും മുങ്ങി.
നഗരത്തിലെ മാളില്‍ ജോലി ചെയ്തിരുന്ന സ്നേഹ മാനവീയം വീഥിയില്‍ വച്ചാണ് ഇവരുമായി സൗഹൃദത്തിലായത്. സുഹൃത്തുക്കളായിരുന്ന ഷിജിത്തും ഷിയാസും മാസങ്ങള്‍ക്കു മുൻപ് തെറ്റിപ്പിരിഞ്ഞു.
ലഹരി കേസുകളില്‍ ഷിയാസിനെ അടുത്തിടെ പൊലീസ് പിടികൂടിയപ്പോള്‍ ഷിജിത്ത് ആണ് ഒറ്റിയതെന്ന സംശയത്തിനു പുറത്താണ് ആക്രമണം.
