‘ലൈംഗികാധിക്ഷേപം ചോദ്യം ചെയ്‌തതിലുള്ള പ്രതികാരം’; സംഘടനയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സാന്ദ്രാ തോമസ് നിയമനടപടിക്ക്

കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ നിയമനടപടിക്കൊരുങ്ങി സാന്ദ്രാ തോമസ്.

തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയർന്ന ലൈംഗികാധിക്ഷേപം ചോദ്യം ചെയ്‌തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്രാ തോമസ് പ്രതികരിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തീരുമാനത്തിനെതിരെ ഫിലിം ചേംബറിനും കത്ത് നല്‍കും. മതിയായ വിശദീകരണം നല്‍കാതെയാണ് പുറത്താക്കിയതെന്നും വിഷയത്തില്‍ കോടതി ഇടപെടണമെന്നും സാന്ദ്ര തോമസ് ഹർജിയില്‍ ഉന്നയിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമർശിച്ചിരുന്നു. സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രയെ പുറത്താക്കിയത്.

രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. ഇതിനെ തുടർന്നാണ് പുറത്താക്കല്‍ നടപടി.

അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര നല്‍കിയ പരാതിയില്‍ ആന്റോ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരടക്കം ഒൻപത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. സാന്ദ്രയുടെ നീക്കം മുന്നില്‍ കണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിയമ നടപടികള്‍ തുടങ്ങി.