സമൂഹമാദ്ധ്യമങ്ങളിലെ പരസ്യങ്ങള്‍ ലൈക്കും ഷെയറും ചെയ്‌താല്‍ പണം ഇരട്ടിപ്പിച്ചു നല്‍കാം; തിരുവനന്തപുരം സ്വദേശിയില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍; വിദേശ പൗരനടക്കം മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ പണം നേടാമെന്നും ഇരട്ടിയാക്കി നല്‍കാമെന്നും വാഗ്‌ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതികള്‍ പിടിയില്‍.

മണക്കാട് സ്വദേശിയിയുടെ പരാതിയില്‍ വിദേശി ഉള്‍പ്പെടെ മൂന്ന് പേരെ ഫോർട്ട് പോലീസ് പിടികൂടി. വിയറ്റ്നാം ലേക്വാക് ട്രോംഗ്, തമിഴ്നാട് സ്വദേശികളായ കണ്ണൻ, മനോജ് കുമാർ എന്നിവരെയാണ് ഹൈദരാബാദില്‍ നിന്ന് പിടികൂടിയത്.

സമൂഹമാദ്ധ്യമങ്ങളിലെ സിനിമകളുടെ പരസ്യങ്ങളില്‍ ലൈക്കും ഷെയറും ചെയ്യുന്നതിന് പണം ലഭിക്കുമെന്നും പ്രതികള്‍ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പണം ടെലഗ്രാം ആപ്പിലൂടെ ഇരട്ടിപ്പിച്ച്‌ നല്‍കാമെന്നും പറഞ്ഞായായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ഫോർട്ട് പോലീസ് എസ്.എച്ച്‌.ഒ ശിവകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ പ്രശാന്ത്,എസ്.സി.പി.ഒമാരായ ശ്രീജിത്ത്,ലിപിൻരാജ് എന്നിവരടങ്ങിയ സംഘമാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തിയത്.

അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമാനമായ രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ റിമാൻഡ് ചെയ്തു.