സംസ്‌ഥാനത്ത്‌ നാളികേരവില കുതിക്കുന്നു…! കിലോയ്‌ക്ക് 35 രൂപയില്‍ നിന്ന് എണ്‍പതിലേക്ക്‌ വെളിച്ചെണ്ണ വില 180 രൂപയില്‍ നിന്ന് 260ലേക്ക്‌

കൊച്ചി: സംസ്‌ഥാനത്ത്‌ നാളികേരവില കുതിക്കുന്നു.

കിലോയ്‌ക്ക് 35 രൂപയുണ്ടായിരുന്ന തേങ്ങവില ഇപ്പോള്‍ 70 -80 റേഞ്ചിലാണ്‌.
ഇത്ര വിലവര്‍ധന ഇതിനു മുൻപുണ്ടായിട്ടില്ല. വെളിച്ചെണ്ണ വിലയും വന്‍ കുതിപ്പില്‍. ലിറ്ററിന്‌ 180 രൂപയുണ്ടായിരുന്ന സ്‌ഥാനത്ത്‌ 250-260 രൂപയിലേക്ക്‌ കുതിച്ചു ചാടി.

ഓണക്കാലത്തിനു ശേഷമാണ്‌ തേങ്ങ-വെളിച്ചെണ്ണവിലയില്‍ വന്‍ കുതിപ്പുണ്ടായത്‌. ശബരിമല സീസണില്‍ വില വീണ്ടും പുതിയ ഉയരങ്ങളിലെത്തുമെന്നും സൂചനകളുണ്ട്‌. വിപണിയിലേക്ക്‌ നാളികേരവും കൊപ്രയും എത്താത്തതിനാലാണ്‌ വില ഉയര്‍ന്നത്‌.

തേങ്ങാ ക്ഷാമത്തിനു പിന്നാലെ കൊപ്രയുടെ ലഭ്യതയും കുറഞ്ഞിട്ടുണ്ട്‌. ഇത്‌ വെളിച്ചെണ്ണവില ഉയരാന്‍ ഇടവരുത്തി. തമിഴ്‌നാട്ടില്‍ നിന്ന്‌ കൊപ്ര മുംബൈയിലെ വമ്പന്‍ കമ്പനി വാങ്ങിക്കൂട്ടുകയാണെന്നും സൂചനയുണ്ട്‌.