ചോദിച്ച ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറഞ്ഞില്ല; മൂന്നുവയസുകാരന് അദ്ധ്യാപികയുടെ ക്രൂര മർദനമേറ്റതായി പരാതി; ചൂരല്‍ കൊണ്ടുള്ള അടിയേറ്റ് കുഞ്ഞിന്റെ പുറത്ത് നിരവധി പരിക്കുകൾ; അദ്ധ്യാപിക അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ മൂന്നുവയസുകാരന് അദ്ധ്യാപികയുടെ ക്രൂര മർദനമേറ്റതായി പരാതി.

കൊച്ചി മട്ടാഞ്ചേരിയില്‍ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് യുകെജി വിദ്യാർത്ഥിക്ക് ക്രൂരമർദനം ഏല്‍ക്കേണ്ടിവന്നത്.
ചൂരല്‍ കൊണ്ടുള്ള അടിയേറ്റ് കുഞ്ഞിന്റെ പുറത്ത് നിരവധി പരിക്കുകളുണ്ട്.

ക്ലാസ് മുറിയില്‍വച്ച്‌ താൻ ചോദിച്ച ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറഞ്ഞില്ലെന്നാരോപിച്ചായിരുന്നു മർദനം. കുട്ടിയെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു.

കുട്ടി ആശുപത്രിയില്‍ ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് അദ്ധ്യാപിക സീതാലക്ഷ്മിയെ പൊലീസ് അറസ്റ്റുചെയ്തു.

ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇന്നലെത്തന്നെ പൊലീസ് സ്റ്റേഷനിലെത്തിയ രക്ഷിതാക്കള്‍ ഇന്നാണ് മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.

കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ അദ്ധ്യാപികയെ സ്കൂള്‍ അധികൃതർ സസ്‌പെൻഡുചെയ്തിരുന്നു.