വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ അന്തരിച്ചു; അന്ത്യം മുംബയിലെ സ്വകാര്യ ആശുപത്രിയില്‍

മുംബയ്: വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ അന്തരിച്ചു.

86 വയസ്സായിരുന്നു. മുംബയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ഗുരുതരാവസ്ഥയില്‍ അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. രാജ്യം പത്മവിഭൂഷനും, പത്മഭൂഷനും നല്‍കി ആദരിച്ച വ്യവസായിയായിരുന്നു രത്തന്‍ ടാറ്റ.

തിങ്കളാഴ്ച രത്തന്‍ ടാറ്റ ആശുപത്രിയില്‍ പരിശോധനകള്‍ക്കായി പോകുകയും പിന്നീട് ഇതിന്റെ വിവരങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ പോയത് പതിവ് മെഡിക്കല്‍ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്നങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

തന്റെ ആരോഗ്യനില സംബന്ധിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയില്‍ പറഞ്ഞിരുന്നു.