കാണാതായ വയോധികയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടു. ചെരിപ്പുകൾ കണ്ടെത്തിയത് പലയിടത്തുനിന്ന്; പയ്യന്നൂരിലെ വയോധികയുടെ മരണത്തിൽ ദുരൂഹത

പയ്യന്നൂർ: വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വയോധികയുടെ മൃതദേഹത്തിലെ സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.

പയ്യന്നൂർ കൊറ്റിയിലെ സുരഭി ഹൗസില്‍ സുലോചന എന്ന 76 കാരിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

ഒറ്റയ്ക്ക് താമസിച്ചു വന്ന സുലോചനയെ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കാണാതാകുന്നത്. കൊറ്റി കണ്ണങ്ങാട് ക്ഷേത്രത്തിന് അടുത്തായി താമസിക്കുന്ന മൂത്തമകള്‍ രജിതയുടെ വീട്ടില്‍ പോയിരുന്ന സുലോചന രാവിലെ പതിനൊന്നോടെ വീട്ടില്‍ തിരിച്ച്‌ എത്തിയിരുന്നു.

രജിതയുടെ മകളാണ് സുലോചനയ്ക്ക് കൂട്ടായി ഉണ്ടായിരുന്നത്. അങ്ങനെ അമ്മാമ്മയോട് പറഞ്ഞ ശേഷം കൊച്ചുമകള്‍ കുളിക്കാൻ പോയി കുളിച്ചിട്ട് വരുമ്പോഴേക്കും വയോധികയെ കാണാതാകുകയായിരുന്നു.

ഉടൻ തന്നെ പെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ നിന്നും മൃതദേഹം ഒടുവില്‍ കണ്ടെത്തിയത്. കിണറ്റിന്‍റെ ഇരുപതോളം മീറ്റർ അകലെ വ്യത്യസ്ഥമായ സ്ഥലങ്ങളിലായാണ് ഇവരുടെ ചെരിപ്പുകള്‍ കണ്ടെത്തിയത്.

അതുപ്പോലെ ഇവരണിഞ്ഞിരുന്ന ആഭരണങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്നില്ല. അതും ദുരൂഹത വർധിപ്പിക്കുന്നു. മാലയും വളയും കമ്മലുകളുമാണ് മൃതദേഹത്തില്‍ കാണാതിരുന്നത്. വിരലിലെ മോതിരം മാത്രമാണ് ആഭരണമായി മൃതദേഹത്തില്‍ ഉണ്ടായിരുന്നത്.

കാണാതാകുന്നതിന് മുമ്പ് മൂത്തമകളുടെ വീട്ടില്‍ പോയി വന്നപ്പോള്‍ ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. വിവരം പോലീസിനെ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വീടുമുഴുവൻ തെരഞ്ഞിട്ടും കാണാതായ ആഭരണങ്ങള്‍ കണ്ടുകിട്ടാത്തതിനെ തുടർന്നാണ് ബന്ധുക്കളിലും പരിസരവാസികളിലും സംശയം ഉടലെടുത്തത്.

വയോധികയുടെ മരണത്തിലെ ദുരൂഹത മാറണമെങ്കില്‍ ഇനി പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരണമെന്ന് പോലീസും പറഞ്ഞു.