മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ച് നവവധുവിനെ ക്രൂരമായി മർദ്ദിച്ച പോലീസുകാരന് സസ്പെൻഷൻ; വിവാഹം കഴിഞ്ഞ് പതിനെട്ടാം ദിവസം ഇരുപത്തിനാലുകാരിയായ ഭാര്യയെ മദ്ദിച്ചത് എ.ആർ. ക്യാമ്പ് കണ്‍ട്രോള്‍ റൂമിലെ ക്യാമറാവിഭാഗം ഉദ്യോ​ഗസ്ഥൻ; പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഉദ്യോ​ഗസ്ഥനെതിരെ കേസ്; പിന്നാലെ ജാമ്യവും

തൃശ്ശൂർ: സമൂഹമാധ്യമങ്ങളില്‍ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളില്‍ സ്ഥിരം സാന്നിധ്യമായ പോലീസുകാരനെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ സസ്പെൻഡ് ചെയ്തു. വിവാഹം കഴിഞ്ഞ് പതിനെട്ടാംദിവസം ഭാര്യയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ചേർപ്പ് സ്വദേശി മുണ്ടത്തിപറമ്പില്‍ റെനീഷി(31)നെയാണ് സർവീസില്‍നിന്ന് സസ്പെൻഡ് ചെയ്തത്. തൃശ്ശൂർ എ.ആർ. ക്യാമ്പില്‍ കണ്‍ട്രോള്‍ റൂമില്‍ ക്യാമറാവിഭാഗത്തിലാണ് റെനീഷ് ജോലിചെയ്യുന്നത്. മൊബൈല്‍ ഫോണില്‍ ചാറ്റ് ചെയ്തെന്ന് ആരോപിച്ചാണ് ഇരുപത്തിനാലുകാരിയായ ഭാര്യയെ മർദ്ദിച്ചതെന്നാണ് പരാതി.

മർദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പോലീസ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോകളില്‍ സ്ഥിരം സാന്നിധ്യമാണ് റെനീഷ്.

പെണ്‍കുട്ടിയുടെ വീട്ടുകാർ മണ്ണുത്തി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി അനുസരിച്ച്‌ ഗാർഹികപീഡന നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.