കുരങ്ങ്, മരപ്പട്ടി, കാട്ടുപന്നി എന്നിവക്ക് പുറമെ കോട്ടയത്തെ ഭീതിയിലാഴ്ത്തി കുറുക്കന്മാർ; പാമ്പാടി, കറുകച്ചാല്‍, കങ്ങഴ എന്നിവിടങ്ങളിൽ ശല്യം രൂക്ഷം; നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു, ഒരു വളർത്തുനായക്കും കടിയേറ്റു, ജനവാസമേഖലയിൽ എത്തുന്ന ഇവക്ക് പേ വിഷബാധ ഉണ്ടോയെന്ന് ആശങ്ക; പ്രതിരോധ വാക്‌സിന്റെ ലഭ്യതക്കുറവും ഭീഷണി

കോട്ടയം: കുരങ്ങ്, മരപ്പട്ടി, കാട്ടുപന്നി എന്നിവയെ മാത്രം ഭയന്നാല്‍ മതിയായിരുന്നു കോട്ടയത്തെ ചില പ്രദേശങ്ങളിലുള്ളവർക്ക്. എന്നാല്‍ ഇന്ന് കഥയാകെ മാറുകയാണ്. ഇപ്പോള്‍ കുറുക്കന്മാർ പൊതുജനത്തിന്റെ ഉറക്കംകെടുത്തുകയാണ്.

പാമ്പാടി, കറുകച്ചാല്‍, കങ്ങഴ എന്നിവിടങ്ങളിലാണ് ഒരിടവേളക്ക് ശേഷം കുറുക്കൻ ശല്യം വർധിച്ചിരിക്കുന്നത്. കങ്ങഴയില്‍ കഴിഞ്ഞദിവസം നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഒരു വളർത്തുനായക്കും കടിയേറ്റു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെയും കുറുക്കൻ ആക്രമിക്കാൻ സാധ്യത ഏറെയാണ്.

ഇതും ആശങ്കയേറ്റുന്നു. നായകള്‍ക്ക് കുറുക്കനില്‍ നിന്ന് പേവിഷബാധ ഏറ്റിട്ടുണ്ടെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും. മുമ്പ് കാടുപിടിച്ചുകിടന്നിരുന്ന ഏക്കർ കണക്കിനുള്ള റബർ തോട്ടങ്ങളായിരുന്നു കുറുക്കൻ ഉള്‍പ്പെടെയുള്ള വന്യജീവികളുടെ താവളം.

റബറിന്റെ വിലയിടവിനെ തുടർന്ന് ടാപ്പിംഗ് നിലച്ചതോടെയാണ് തോട്ടങ്ങള്‍ കാടുപിടിക്കാൻ തുടങ്ങിയത്. എന്നാല്‍, റബർ വില അപ്രതീക്ഷിതമായി കുതിച്ചുകയറിയതോടെ മുമ്പ് കാടുപിടിച്ചു കിടന്നിരുന്ന റബർ തോട്ടങ്ങള്‍ ടാപ്പിംഗ് തുടങ്ങാൻ വെട്ടിത്തെളിച്ച്‌ തുടങ്ങി. ഇതോടെ കുറുക്കൻ അടക്കമുള്ളവ പട്ടാപ്പകലും നാട്ടിലിറങ്ങാൻ തുടങ്ങി.

ജനവാസമേഖലയിലേക്ക് എത്തുന്ന ഇവയ്ക്ക് ഇപ്പോള്‍ പേ വിഷബാധ ഉണ്ടോയെന്ന ആശങ്കയും ശക്തമാണ്. പേവിഷ പ്രതിരോധ വാക്‌സിന്റെ ലഭ്യതക്കുറവാണ് ആശങ്കയ്ക്ക് കാരണം. ജില്ലയില്‍ പാലാ ഒഴിച്ചുള്ള താലൂക്ക് ആശുപത്രികളിലും നിലവില്‍ വാക്‌സിൻ ലഭ്യമല്ല.

നിലവില്‍ കുറുക്കൻ ശല്യമുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മാത്രമാണ് വാക്‌സിൻ ലഭിക്കുന്ന ഏറ്റവും അടുത്ത സ്ഥലം. കുറുക്കനെ തുരത്തുക മാത്രമാണ് പ്രായോഗികം. കാട് കയറിക്കിടക്കുന്ന തോട്ടങ്ങള്‍ ഉള്‍പ്പെടെ വെട്ടിത്തെളിക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.