കോട്ടയം: മൂന്നിലവ് പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി തട്ടിപ്പിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി.
പദ്ധതി നിർവഹണ ഉദ്യോഗസ്ഥനായ വില്ലേജ് എക്സ്‌റ്റൻഷൻ ഓഫിസർ (വി ഇഒ) ജോൺസൺ ജോർജിനെ പ്രധാന പ്രതിയാക്കിയാണു വിജിലൻസ് സംഘം ഫാക്‌ച്വൽ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
തട്ടിപ്പിൽ പങ്കാളികളായവർക്കെതിരെയും അന്നത്തെ ഭരണനേതൃത്വത്തിനെതിരെയും സെക്രട്ടറിക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുള്ളതായി വിവരമുണ്ട്. റിപ്പോർട്ട് ലീഗൽ അഡ്വൈസർക്കു കൈമാറിയിരിക്കുകയാണ്. പരിശോധിച്ചശേഷം വിജിലൻസ് എസ്‌പിക്കു കൈമാറും.
നിർവഹണ ഉദ്യോഗസ്ഥൻ നടത്തിയ ക്രമക്കേട് കാരണം കിടപ്പാടം നഷ്ടമായത് 18 കുടുംബങ്ങൾക്കാണ്. സസ്പെൻഷനിലായിരുന്ന വിഇഒ പിന്നീടു തിരിച്ചുകയറി. ക്രമക്കേടിനെത്തുടർന്നു സർക്കാരിനു നഷ്പ്പെട്ട 68 ലക്ഷം രൂപ വിഇഒയിൽ നിന്ന് ഈടാക്കാൻ ഗ്രാമ വികസന വകുപ്പ് തീരുമാനിച്ചെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.
68 ലക്ഷം രൂപ വിഇഒയുടെ ബാധ്യതയായി കാണിക്കുക മാത്രമേ ഉണ്ടായുള്ളു. മുന്നിലവിലെ പദ്ധതി നടത്തിപ്പിൽ ഹഡ്‌കോ വായ്‌പയിൽ നിന്ന് 68 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗമാണു കണ്ടെത്തിയത്.
മൂന്നിലവിലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ഹഡ്‌കോ വിഹിതവും സർക്കാർ വിഹിതവും മാറി യെടുക്കുകയും യഥാർത്ഥ ഗുണഭോക്താക്കളുടെ പട്ടികയ്ക്കു പകരം വിഇഒ സ്വയം സാക്ഷ്യപ്പെടുത്തിയ പട്ടിക ബാങ്കിൽ നൽകുകയും ചെയ്തു തട്ടിപ്പു നടത്തിയെന്നാണു കേസ്.
