ഫെയ്‌സ് സംസ്ഥാന പ്രതിനിധി സമ്മേളനം 13 ന് കോട്ടയത്ത്; മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും

കോട്ടയം: ഇരുപത് വർഷത്തിലേറെയായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഓണ്‍ലൈൻ സേവനങ്ങള്‍ പൊതുജനത്തിന് നല്‍കിവരുന്ന അക്ഷയക്കും സംരംഭകർക്കും നിയമപരിരക്ഷ ഉറപ്പാക്കുവാൻ ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രെണ്ണേഴ്സ്-ഫെയ്‌സ് സംസ്ഥാന പ്രതിനിധികള്‍ ഒത്തുചേരുന്നു.

കോട്ടയം ദർശന ഓഡിറ്റോറിയത്തില്‍ 13 ന് 10.30 മണിക്ക് തുറുമുഖ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും .

ഫെയ്‌സ് സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോണ്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ അക്ഷയ കെയർ കുടുംബസഹായനിധി മരണപ്പെട്ട അക്ഷയ സംരംഭകരുടെ കുടുംബങ്ങള്‍ക്ക് കൈമാറും.

സംസ്ഥാന ജോയിന്റ് സെക്രട്ടറി സോണി ആസാദ് സ്മരണാഞ്ജലി അർപ്പിക്കും.
സംസ്ഥാന സെക്രട്ടറി സദാനന്ദൻ എ പി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രെഷറർ നിഷാന്ത് സി വൈ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കും.

ഫെയ്‌സ് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രതീഷ് ജേക്കബ് സ്വാഗതവും വൈസ് പ്രസിഡന്റ് മധുസൂദനൻ വയനാട് കൃതജ്ഞതയും അർപ്പിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള അക്ഷയ സംരംഭക പ്രതിനിധികള്‍ സംബന്ധിക്കും .