ആലപ്പുഴ: അറിവില്ലായ്മ കൊണ്ടാണ് തെറ്റ് ചെയ്തതെന്നും അത് തിരുത്താനുള്ള അവസരം നല്‍കണമെന്നും യൂട്യൂബർ ടി എസ് സഞ്ജു (സഞ്ജു ടെക്കി).
കാറിനകം പൂളാക്കി റോഡിലൂടെ അപകടകരമായ വിധം സഞ്ചരിച്ചതിനു ഇയാള്‍ക്കെതിരെ എംവിഡി നടപടി എടുത്തിരുന്നു. ഇത് വലിയ വാർത്ത ആവുകയും യൂട്യൂബ് ഇയാളുടെ പല വിഡിയോകളും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഇടയിലാണ് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളില്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റുഡന്റ് മാഗസിൻ പ്രകാശന ചടങ്ങില്‍ സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചത്.
മോട്ടർ വാഹന നിയമലംഘനവുമായി ബന്ധപ്പെട്ടു നടപടി നേരിട്ട സഞ്ജുവിനെ വിളിച്ചതില്‍ രക്ഷിതാക്കള്‍ പ്രതിഷേധം അറിയിച്ചു. തുടർന്ന് സഞ്ജു പരിപാടിയില്‍നിന്ന് പിൻമാറി.
നേരത്തെയും പരിപാടികളില്‍ പങ്കെടുക്കാന്‍ പലരും വിളിക്കാറുണ്ടായിരുന്നു എന്നാണ് സഞ്ജു പറയുന്നത്.. എന്റെ നാട്ടിലെ സ്കൂളിലാണ് പരിപാടി നടക്കുന്നത്. സ്കൂള്‍ അധികൃതർ വിളിച്ചപ്പോള്‍ ചൊല്ലാമെന്ന് പറഞ്ഞു. കുട്ടികള്‍ക്ക് നല്ലൊരു സന്ദേശം കൊടുക്കാമെന്ന് കരുതി. എന്റെ ഭാഗത്ത് വലിയ തെറ്റു വന്നു. തെറ്റ് തിരുത്തി നല്ല സന്ദേശം കൊടുക്കാമെന്ന് കരുതിയാണ് പോകാനിരുന്നത്.
അതും വിവാദമായി. തുടർന്ന് സ്കൂള്‍ അധികൃതർ എന്നെ വിളിച്ചു പങ്കെടുക്കരുതെന്നു പറഞ്ഞു. എനിക്ക് വിഷമമായി. എല്ലാവർക്കും തെറ്റുപറ്റും. പക്ഷേ അത് തിരുത്താനുള്ള അവസരം നിഷേധിച്ചു. എന്നും കുറ്റവാളിയായി കാണുമ്പോള്‍ മാനസിക വേദനയുണ്ട് എന്നും സഞ്ജു ടെക്കി പറഞ്ഞു.
