കോട്ടയം ജില്ലയിൽ പക്ഷിപ്പനി പകർച്ചക്ക് കാരണം വൈറസുകളുടെ ജനിതക മാറ്റം; താറാവ്, കോഴി എന്നിവ കൂടാതെ പ്രാവ്, മയിൽ തുടങ്ങിയ പക്ഷികളിലും പക്ഷിപ്പനി കണ്ടെത്തി, പക്ഷിപ്പനി കണ്ടെത്തിയ മേഖലകളിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു

എരുമേലി: കോട്ടയം ജില്ലയിൽ പക്ഷിപ്പനി പടരാൻ കാരണം മറ്റു പക്ഷികൾ രോഗവാഹകരാകുന്നതും വൈറസുകളുടെ ജനിതക മാറ്റവുമാണെന്നു മൃഗസംരക്ഷണ വകുപ്പ്.

താറാവ്, കോഴി എന്നിവ കൂടാതെ പ്രാവ്, മയിൽ തുടങ്ങിയ പക്ഷികളിലും പക്ഷിപ്പനി കണ്ടെത്തി.

ഈ പക്ഷികളാണ് മറ്റു സ്ഥലങ്ങളിലെ ഫാമുകളിൽ രോഗം വ്യാപിക്കാൻ കാരണമായതെന്നാണു മൃ‍ഗസംരക്ഷണ വകുപ്പിന്റെ നിഗമനം. പക്ഷിപ്പനി കണ്ടെത്തിയ മേഖലകളിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.

ഇതുവരെ മനുഷ്യരിലോ മൃഗങ്ങളിലോ പക്ഷിപ്പനി വൈറസ് കണ്ടെത്തിയിട്ടില്ല. പുതിയ സാഹചര്യത്തിൽ വൈറസിന്റെ ജനിതകമാറ്റം മൂലം ഇവ മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയുണ്ടോ എന്നറിയാനാണു പഠനം നടത്തുന്നത്. പക്ഷിപ്പനി മുൻകരുതലിന്റെ ഭാഗമായി ദയാവധത്തിനു വിധേയമാക്കുന്ന പക്ഷികളുടെ ഉടമകൾക്ക് നഷ്ടപരിഹാരം അപേക്ഷ നൽകാതെ ലഭിക്കും.

സാംപിൾ ശേഖരിച്ച ശേഷം ചാകുന്ന വളർത്തു പക്ഷികൾക്കാണ് ധനസഹായം. പക്ഷികളെ ദയാവധം ചെയ്യുന്നതിനു മുമ്പായി തയാറാക്കുന്ന റിപ്പോർട്ടിൽ പക്ഷികളുടെ ഉടമയുടെ വിലാസവും ബാങ്ക് അക്കൗണ്ട് അടക്കം വിവരങ്ങളും ശേഖരിക്കും.

ഈ ബാങ്ക് അക്കൗണ്ടിലേക്കാണ് നഷ്ടപരിഹാരം നൽകുക. 2 മാസം വരെ പ്രായമായ പക്ഷികൾക്ക് 100 രൂപയും 2 മാസത്തിനു മുകളിൽ പ്രായമുള്ള പക്ഷികൾക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നൽകുന്നത്.

കഴിഞ്ഞ ഏപ്രിൽ വരെ പക്ഷിപ്പനി ബാധിച്ച മേഖലകളിൽ ദയാവധത്തിനു വിധേയമാക്കിയ ജില്ലയിലെ എല്ലാ പക്ഷികൾക്കും നഷ്ടപരിഹാരം നൽകിയതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.