ഏറ്റുമാനൂർ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിവും ഏറ്റുമാനൂരിൽ മീനച്ചിലാർ കരകവിഞ്ഞു. പേരൂർ ഭാഗത്തെ നൂറോളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. പാടശേഖരങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായി.
ഇടറോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. മഴ തുടർന്നാൽ പ്രദേശത്ത് നൂറു കണക്കിനു വീടുകൾ വെള്ളത്തിലാകും. ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ പഞ്ചായത്തുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ആർപ്പൂക്കര പഞ്ചായത്തിൽ അമ്പതോളം വീടുകളിൽ വെള്ളം കയറി, നൂറ്റിയൻപതോളം വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്. ഏറ്റുമാനൂരിൽ മീനച്ചിലാറിനോടു ചേർന്നു കിടക്കുന്ന 15, 16, 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന പാറേക്കടവ്, പുളിമൂട്, പേരൂർ, കാവുപാടം, പൂവത്തുമൂട്, ഖാദിപ്പടി, കുത്തിയതോട് പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
മീനച്ചിലാർ കര കവിഞ്ഞതാണ് ആശങ്കയ്ക്ക് കാരണം. അതിരമ്പുഴയിൽ 1, 2, 20, 21, 22 വാർഡുകളിലാണ് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നത്. ബണ്ട് റോഡ്, എൽഐസി ജംക്‌ഷനു താഴ്‌വശം തുടങ്ങി നീണ്ടൂരിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കഴിഞ്ഞ വേനൽ മഴയിൽ വലിയ വെള്ളപ്പൊക്കം രൂപപ്പെട്ടിരുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം. പേരൂർ ഭാഗത്ത് ഇന്നലെ വൈകുന്നേരത്തോടെയാണ് മീനച്ചിലാർ കരകവിഞ്ഞത്. തുടർന്ന വളരെ പെട്ടെന്നു സമീപ പ്രദേശങ്ങളിലേക്കു വെള്ളം കയറുകയായിരുന്നു. ഇടവിട്ടുള്ള മഴയായിരുന്നതിനാൽ വലിയ തോതിലുള്ള വെള്ളം വരവ് ഉണ്ടായില്ല.
എങ്കിലും ഇന്നു കൂടി മഴയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനമുള്ളതിനാൽ തീര പ്രദേശത്തുള്ളവർ വലിയ ആശങ്കയിലാണ്. മീനച്ചിലാർ കര കവിഞ്ഞാൽ പ്രദേശത്ത് 250തോളം വീടുകളിൽ വെള്ളം കയറുക പതിവാണ്. റോഡുകൾ വെള്ളത്തിലായാൽ ഗതാഗതവും തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകും. ഇതേ സമയം ഇതുവരെ കാലവർഷ കെടുതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
