കോട്ടയം: ഭൂമിയിലെ ജീവിതമാണ് ഏറ്റവും നരകം എന്ന് പലരും പറയാറുണ്ട്. എന്നാൽ, മരിച്ചാലും രക്ഷയില്ല, ഇതിലും വലിയ ദുരിതം അനുഭവിക്കേണ്ട അവസ്ഥയിലാണ് കോട്ടയത്തെ സാധാരണക്കാർ.
മരിച്ചു കഴിഞ്ഞാൽ മൃതദേഹവുമായി നഗരസഭയുടെ മുട്ടമ്പലം പൊതുശ്മശാനത്തിൽ എത്തുന്നവരുടെ അവസ്ഥ കട്ടപ്പുകയാണെന്നാണ് നഗരസഭാംഗങ്ങൾ പറയുന്നത്.
ശ്മശാനത്തിലെ ജനറേറ്റർ തകരാറിലാണ്. ഫർണസുകൾ അപകടാവസ്ഥയിൽ, തറയുടെ പിൻഭാഗം പൊട്ടിപ്പൊളിഞ്ഞു, പുക കടത്തിവിടുന്ന കുഴലിൽ പൊട്ടൽ ഇങ്ങനെ കാരണങ്ങൾ നിരവധിയാണ്.
ഫർണസുകൾ തകരാറാകുന്നതായിരുന്നു മിക്കപ്പോഴുമുള്ള പ്രധാനപ്രശ്നം. 2022 ൽ 19 ലക്ഷം മുടക്കി ഇതു നന്നാക്കി. പക്ഷേ, ഇതിനു ശേഷം തറഭാഗം പൊട്ടി ഫർണസുകൾ ചെരിഞ്ഞു. വൈദ്യുതശ്മശാനമായിരുന്നപ്പോൾ സ്ഥിരം തകരാറായിരുന്നു.
യന്ത്രത്തകരാർ മൂലം പ്രവർത്തനം മാസങ്ങളോളം നിലച്ചിരുന്നു. ഇതു പരിഹരിക്കാനാണ് വാതക ശ്മശാനമാക്കിയത്. എന്നിട്ടും ദുരിതം തീരുന്നില്ല. വൈദ്യുതി മുടങ്ങിയാൽ മൃതദേഹം സംസ്കരിക്കാൻ മണിക്കൂറുകൾ കാത്തിരിക്കണം.
പുകയും മറ്റും ശുദ്ധീകരിച്ച് കുഴലിലൂടെ പുറത്തുവിടുന്ന യന്ത്ര ഭാഗങ്ങൾ പ്രവർത്തിക്കുന്നതിനും വൈദ്യുതി വേണം. സംസ്കാരത്തിനിടെയാണ് വൈദ്യുതി മുടങ്ങുന്നതെങ്കിൽ ഭീകരാവസ്ഥയാണ്. ജനറേറ്റർ ഇല്ലാത്തതിനാൽ യന്ത്രങ്ങൾ നിലയ്ക്കും. അതോടെ പരിസരമാകെ പുക കൊണ്ട് നിറയും.
ഇത് ഒഴിവാക്കാൻ മൃതദേഹം കിടത്തിയിരിക്കുന്ന ഭാഗത്തെ ചെറിയ വാതിലുകൾ തുറന്നുവയ്ക്കുകയാണ് ചെയ്യുക. ഇതോടെ അവിടെ കൂടി നിൽക്കുന്നവർക്ക് മൃതദേഹം കത്തുന്നത് നേരിൽ കാണാം.
ഏതാനും മാസം മുമ്പ് ബന്ധുവിന്റെ സംസ്കാരത്തിന് എത്തിയ ഒരാൾ ഇതു കണ്ട് ബോധം കെട്ടു വീണു. ഇതെല്ലാം കൗൺസിൽ യോഗത്തിൽ ഉന്നയിക്കപ്പെടുന്നുണ്ടെങ്കിലും ചട്ടപ്പടി മറുപടി മാത്രമാണ് നഗരസഭ അധികൃതരിൽനിന്നു ലഭിക്കുന്നതെന്നാണു കൗൺസിലർമാരുടെ പരാതി.
