‘പൊലീസ് അപമര്യാദയായി പെരുമാറി’; ഈരാറ്റുപേട്ടയില്‍ കാപ്പ കേസ് പ്രതിയുടെ ബന്ധുക്കളും പൊലീസും തമ്മില്‍ വാക്കേറ്റം

കോട്ടയം: ഈരാറ്റുപേട്ടയില്‍ കാപ്പ കേസ് പ്രതിയെ തേടിയെത്തിയ പൊലീസും പ്രതിയുടെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റം.

ക്രിമിനല്‍ കേസ് പ്രതിയായ അഫ്‌സലിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയാണ് വാക്കേറ്റത്തിനിടയാക്കിയത്. പൊലീസ് അപമര്യാദയായി പെരുമാറിയെന്നാണ് അഫ്‌സലിന്റെ ബന്ധുക്കളുടെ ആരോപണം.

ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മഫ്തിയിലാണ് പൊലീസ് അഫ്‌സലിന്റെ വീട്ടിലെത്തിയത്. ഈ സമയം അഫ്‌സലിന്റെ ബന്ധുക്കള്‍ പൊലീസിനെ തടയുകയും തുടർന്ന് വാക്കേറ്റമുണ്ടാവുകയുമായിരുന്നു.

സ്ത്രീകളോടടക്കം പൊലീസ് മോശമായി പെരുമാറിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍ ബന്ധുക്കള്‍ തടഞ്ഞപ്പോള്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസിന്റെ പ്രതികരണം. ഏറെ നേരത്തെ സംഘർഷത്തിന് ശേഷം ഈരാറ്റുപേട്ട എസ്‌എച്ച്‌ഒ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.