10 വയസുകാരിയെ പീഡിപ്പിച്ച 77കാരന് 120 വർഷം കഠിനതടവ് ശിക്ഷിച്ച് കോടതി; സംഭവം കൊല്ലത്ത്

പിതാവിന് മദ്യം നൽകി മയക്കികിടത്തി പത്തു വയസുകാരിയെ നിരന്തരം പീഡിപ്പിച്ച 77കാരന് 120 വർഷം കഠിന തടവും പിഴയും. പെരിനാട് ചെറുമൂട്ചേരി നാട്ടുവാതുക്കൽ അജയ ഭവനിൽ നെൽസനെയാണ് കൊല്ലം സ്പെഷ്യൽ കോടതി ജഡ്ജി സമീർ എ 120 വർഷം കഠിനതടവിനും 6 ലക്ഷം രൂപ പിഴയും വിധിച്ചത്. 2020 മുതൽ 2022 വരെ കോവിഡ് കാലത്താണ് പ്രതി അതിജീവതയെ അതിക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയത്. മാതാവ് ജോലിക്കായി പോകുമ്പോൾ പിതാവിന് മദ്യം നൽകിയതിനു ശേഷമായിരുന്നു പീഡനം. രണ്ടു വർഷം പീഡനം തുടർന്നു.

പിന്നാലെ കുട്ടിയുടെ അധ്യാപകന്റെ ഇടപെടലിലാണ് വിവരം പുറത്തറിഞ്ഞത്. കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷ്. ആർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ആർ ഹാജരായി. അതിജീവതയുടെ വിദ്യാഭ്യാസ നിലവാരവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത് പുനരധിവാസം നടത്തേണ്ടതുണ്ടെന്ന് കോടതി കണ്ടെത്തി. അതിനായി വിക്ടിം കോമ്പൽസേഷൻ സ്കീമിൽ നിന്ന് കോമ്പൻസേഷൻ നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്.