ഓർഡർ പേ കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തണം; കോട്ടയത്ത് സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്; ഓണ്‍ലൈൻ ഭക്ഷണ വിതരണം തടസപ്പെട്ടു

കോട്ടയം: നഗരത്തില്‍ ഒരു വിഭാഗം സൊമാറ്റോ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്.

ഓർഡർ പേ കിലോമീറ്ററിന് 10 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം. ഇന്ന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക ഇൻസെന്റീവ് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.

സി.ഐ.ടി.യുവിന്റെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുന്നത്. ഇന്നലെ ഡെലിവറി തൊഴിലാളികള്‍ ലേബർ ഓഫീസറുടെ സാന്നിധ്യത്തില്‍ സൊമാറ്റോ അധികൃതരുമായി നടത്തിയ ചർച്ച അലസിയിരുന്നു. ഇതോടെയാണ് തൊഴിലാളികളുടെ സൂചനാസമരം പ്രഖ്യാപിച്ചത്.

കിലോമീറ്ററിന് നിലവില്‍ ആറ് രൂപയാണ് ലഭിക്കുന്നത്. ഇത് പത്തായി ഉയർത്തണമെന്നാണു പ്രധാന ആവശ്യം.
ദിവസം മുഴുവൻ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്കും രാത്രിയിലും ഭക്ഷണം കഴിക്കാനുള്ള സമയം അനുവദിക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നു.

നിലവില്‍ 14 മണിക്കൂർ ജോലി ചെയ്താല്‍ കിട്ടുന്ന ഇൻസെന്റീവ് ഒന്‍പത് മണിക്കൂറായി കുറയ്ക്കണമെന്നും ആവശ്യമുണ്ട്. രാവിലെ ആറു മുതല്‍ രാത്രി 12 വരെയാണ് പണിമുടക്ക് നടക്കുന്നത്. പണിമുടക്കിനെ തുടർന്ന് കോട്ടയം നഗരമേഖലയില്‍ ഓണ്‍ലൈൻ ഭക്ഷണ വിതരണം തടസപ്പെട്ടിരിക്കുകയാണ്.