യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് സുഹൈല്‍ അൻസാരി പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട ഏനാത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അൻസാരി പൊലീസ് കസ്റ്റഡിയില്‍. പത്തനംതിട്ട ഏനാത്ത് പൊലീസാണ് മുഹമ്മദ് സുഹൈല്‍ അൻസാരിയെ കസ്റ്റഡിയില്‍ എടുത്തത്. കടമ്പനാട് സ്വദേശിനി ജീവനൊടുക്കിയ സംഭവത്തിലാണ് മുഹമ്മദ് സുഹൈല്‍ അൻസാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഈ മാസം പതിനാലിനായിരുന്നു യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. യുവതി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ സുഹൈലിന്റെ പേര് ഉണ്ടായിരുന്നു. കടമ്പനാടുള്ള ഭര്‍തൃവീട്ടിലായിരുന്നു യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മുഹമ്മദ് സുഹൈല്‍ അൻസാരിയും യുവതിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ സ്‌കൂളിലുമായിരുന്നു. ഇരുവരും തമ്മിലുള്ള സുഹൃത് ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിയുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതില്‍ മുഹമ്മദ് സുഹെെൽ അൻസാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് സുഹെെൽ അൻസാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദ് സുഹെെൽ അൻസാരിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.