തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങള്‍ ശക്തമാക്കാൻ നിർദേശം നല്‍കിയിരുന്നു.
പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാൻ ജില്ലാ മെഡിക്കല്‍ ഓഫീസർമാർക്ക് നിർദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവർത്തനങ്ങള്‍ നടത്താനും നിർദേശം നല്‍കി.
ജില്ലാ വെക്ടർ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവർത്തനങ്ങള്‍ ശക്തമാക്കാനും നിർദേശം നല്‍കി.
2011മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
