കടുവയുടെ മുഖത്തെയും കാലിലെയും മുറിവ് ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചു. കാട്ടില്‍ മറ്റ് മൃഗവുമായി ഏറ്റുമുട്ടിയുണ്ടായ പരിക്കായിരിക്കുമെന്നാണ് അനുമാനം. വനംവകുപ്പിന്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് ഇന്നലെ രാവിലെ 8.20ന് കടുവയെ വാഹനത്തില്‍ നിന്നു ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയത്.
13 വയസാണ് കടുവയുടെ പ്രായം. നല്ല വലിപ്പവുമുണ്ട്. തൂക്കം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മുഖത്തുള്ളത് ആഴത്തിലുള്ള മുറിവാണ്.പ്രായമുളള കടുവയായതിനാല്‍ ചികിത്സ കരുതലോടെ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മുറിവിന്റെ ആഴം കണക്കാക്കിയുള്ള ആന്റി ബയോട്ടിക് മരുന്നുകളാണ് നല്‍കുന്നത്.
തൃശൂര്‍ വെറ്ററിനറി കോളേജില്‍ നിന്നുളള ഡോക്ടര്‍മാര്‍ക്കൊപ്പം വയനാട്ടില്‍ നിന്നുള്ള ഡോക്ടര്‍മാരും ചേര്‍ന്നാണ് ചികിത്സ നല്‍കുന്നത്. തിങ്കളാഴ്ച രാത്രി തന്നെ കടുവയ്ക്ക് പുത്തൂരില്‍ താമസസ്ഥലം ഒരുക്കിയിരുന്നു. വയനാട്ടിലെ കൂടല്ലൂരില്‍ ക്ഷീരകര്‍ഷകനായ പ്രജീഷിനെ ആക്രമിച്ച് കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ച കടുവയാണിത്.
വയനാട്ടില്‍ നിന്ന് കൊണ്ടുവരുമ്ബോള്‍ എട്ട് കിലോഗ്രാം ചിക്കനാണ് കടുവയ്ക്ക് നല്‍കിയത്. പുത്തൂരിലെത്തിയ ശേഷവും ചിക്കൻ നല്‍കിയെങ്കിലും അധികം കഴിച്ചില്ല. ദിവസം എട്ട് കിലോഗ്രാം ബീഫടക്കമുള്ള ഭക്ഷണമാണ് പുത്തൂരില്‍ നല്‍കുക. സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരേക്കര്‍ തുറസായ സ്ഥലമാണ് കടുവകള്‍ക്ക് ഒരുക്കിയിരിക്കുന്നത്.
