കല്‍പ്പറ്റ: വയനാട് മക്കി മലയില്‍ മാവോയിസ്റ്റ് സംഘം വീണ്ടുമെത്തി.
പ്രദേശത്തെ ഒരു റിസോര്‍ട്ടിലാണ് സംഘമെത്തിയത്.
റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ജീവനക്കാരന്റെ ഫോണില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത കുറിപ്പ് അയച്ചു. പ്രദേശത്ത് മാവോയിസ്റ്റ് സംഘം തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുകയും ആശയപ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹെലികോപ്റ്ററും ഡ്രോണുമായി പൊലീസ് ത്രിമുഖ പരിശോധന ശക്തമാക്കിയത്.
ഇതിനിടയിലാണ് മാവോയിസ്റ്റ് സംഘം വീണ്ടും എത്തിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷനുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. തിരുനെല്ലി, തലപ്പുഴ, തൊണ്ടര്‍നാട്, പടിഞ്ഞാറേത്തറ, വെള്ളമുണ്ട പൊലീസ് സ്റ്റേഷനുകള്‍ക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
തൊഴിലാളി പക്ഷത്തു നിന്ന് മാവോയിസ്റ്റുകള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതികരണം നടത്തുന്നില്ലെന്നും, സിപിഐഎം നേതാക്കള്‍ തൊഴിലാളിയോഗം വിളിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും റിസോര്‍ട്ടിലെ ജീവനക്കാരന്റെ ഫോണില്‍ നിന്ന് മാവോയിസ്റ്റുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അയച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
സിപിഐഎം മുൻ എംഎല്‍എ ആയ സികെ ശശീന്ദ്രൻ, സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. ഒന്നര മണിക്കൂറോളം റിസോര്‍ട്ടില്‍ തങ്ങിയ മാവോയിസ്റ്റ് സംഘം അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.
കമ്ബമലയിലെ അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപി മൊയ്തീൻ അടക്കമുള്ള 18 മാവോയിസ്റ്റുകളുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു.
