വയനാട് കൽപ്പറ്റയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിൽ; കുഞ്ഞിനെ ഭർത്താവിന്റെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് ; യുവതിയുടെ സഹോദരിയുടെ മൊഴി

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭർത്താവിൻ്റെ അമ്മയെന്ന് വെളിപ്പെടുത്തൽ.

കുഞ്ഞിൻ്റെ മാതൃ സഹോദരി ജ്യോതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേപ്പാൾ സെമിൻപൂൾ സ്വദേശി പാർവതിയുടെ പരാതിയിലാണ് ഭർത്താവ് റോഷൻ സൗദ്, അമ്മ മഞ്ജു സൗദ് , അച്ഛൻ അമർ ബാദൂർ സൗദ് എന്നിവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മേയിൽ ആണ് മാസം തികയാതെ റോഷൻ്റെ ഭാര്യ പാർവതി ആൺകുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിനെ ഭർത്താവിൻ്റെ അമ്മ മഞ്ജു സൗദ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതി ശുചിമുറിയിൽ പോയപ്പോഴായിരുന്നു സംഭവം.

ഇതിന് ശേഷം മൃതദേഹം ബാഗിലാക്കി ഓൾഡ് വൈത്തിരി ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് മൊഴി. പാർവതിയുടെ ഗർഭം അലസിപ്പിക്കാൻ മഞ്ജു മരുന്നുകൾ നൽകിയതായും പൊലീസ് പറയുന്നു. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പാർവതിയുടെ സഹോദരി ജ്യോതി.

കുഞ്ഞിൻ്റെ മൃതദേഹം ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

സംഭവത്തിന് ശേഷം നേപ്പാളിൽ പോയ പാർവതി തിരികെ എത്തിയാണ് പരാതി നൽകിയത്. ഏതാനും മാസങ്ങളായി കൽപ്പറ്റ പള്ളിത്താഴെ ഉള്ള ഹോട്ടലിൽ ശുചീകരണ തൊഴിലാളികളാണ് ഈ കുടുംബം. കൽപ്പറ്റ സിഐ ജയപ്രകാശിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.