12 ഹെക്ടര്‍ ഇന്നലെ തീയില്‍ കത്തിയമര്‍ന്നു; കമ്പമലയില്‍ ഇന്നും തീപിടുത്തം; സ്വാഭാവികമല്ല, ദുരൂഹതയെന്ന് ഡിഎഫ്‌ഒ

കല്‍പറ്റ: വയനാട് കമ്പമലയോട് ചേർന്ന് വീണ്ടും തീപിടുത്തം.

കല്‍ക്കോട്ട മലയിലെ രണ്ട് സ്ഥലങ്ങളിലും നരിനിരങ്ങി മലയിലും ആണ് തീപിടുത്തം ഉണ്ടായത്.
തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നും ആരെങ്കിലും തീ ഇട്ടതാകാനാണ് സാധ്യതയെന്നും നോർത്ത് വയനാട് ഡി എഫ് ഒ മാർട്ടിൻ ലോവല്‍ പറഞ്ഞു.

12 ഹെക്ടറോളം പുല്‍മേട് ആണ് ഇന്നലെ മാത്രം തീപിടുത്തത്തില്‍ കത്തി നശിച്ചത്. വൈകുന്നേരത്തോടെ തീ അണച്ചെങ്കിലും ഇന്ന് ഉച്ചയോടെ വീണ്ടും തീപിടുത്തം ഉണ്ടാവുകയായിരുന്നു. കാട്ടുതീയാണെന്നായിരുന്നു ഇന്നലെ ഉള്ള നിഗമനം.

എന്നാല്‍ സ്വാഭാവികമായ തീപിടുത്തം അല്ലെന്നാണ് വനംവകുപ്പിന്റെ അനുമാനം.
കല്‍ക്കോട്ട മലയില്‍ ആദ്യം തീ ഉണ്ടായ ഭാഗത്ത് നിയന്ത്രണ വിധേയമാക്കാൻ വനം വകുപ്പിനും ഫയർഫോഴ്സ് സംഘത്തിന് കഴിഞ്ഞിരുന്നു.

എന്നാല്‍ മറുഭാഗത്തും നരിനിറങ്ങി മലയിലും പിന്നാലെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. പ്രദേശത്തെ കാറ്റും തീ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.