ആശുപത്രിയിലെത്തിച്ചത് അപകടം നടന്ന് ഒരുമണിക്കൂറിന് ശേഷം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിലെ ദുരൂഹത നീക്കി പൊലീസ്

വയനാട് : മുത്തങ്ങക്കടുത്ത പൊന്‍കുഴിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തിലെ ദുരൂഹത നീക്കി പോലീസ്. സൈക്കിള്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. പൊന്‍കുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു-ചിക്കി ദമ്പതികളുടെ മകന്‍ 12കാരനായ മനു ആണ് ഇന്നലെ വൈകീട്ട് മരിച്ചത്.

വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് ആദ്യം സംശയമുയര്‍ന്നെങ്കിലും പോലീസ് എത്തി നടത്തിയ വിശദമായ പരിശോധനയിലാണ് സംശയങ്ങള്‍ നീക്കാനായത്. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. മുത്തങ്ങ വനമേഖലയിലെ ദേശീയപാതക്ക് സമീപം കൂട്ടുകാര്‍ക്കൊപ്പം സൈക്കിളോടിച്ച് കളിക്കുമ്പോള്‍ തെറിച്ചു വീണു പരുക്കേറ്റാണ് മരണം സംഭവിച്ചത്. കല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ ആറാം ക്ലാസ് വി ദ്യാര്‍ഥിയാണ് മനു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ പൊന്‍കുഴി വനമേഖലയില്‍ വനംവകുപ്പിന്‍റെ തേന്‍ വില്‍പന കേന്ദ്രത്തിനു സമീപമായിരുന്നു അപകടം. മറ്റു രണ്ടു കുട്ടികള്‍ ക്കൊപ്പം സൈക്കിള്‍ ഓടിക്കവെ സമീപത്തെ കുഴിയില്‍ സൈക്കിള്‍ ഇറങ്ങി അടുത്തുള്ള മരക്കുറ്റിയിലേക്ക് ഇടിച്ചു വീണെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് വാഹനമെത്തി ആശുപത്രിയില്‍ എത്തി ച്ചപ്പോഴേക്കും ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞിരുന്നു. ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപ്രതിയിലെത്തിച്ചെങ്കിലും പത്ത് മിനിറ്റ് പിന്നിട്ടപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.