വയനാട്/ചേലക്കര: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര മണ്ഡലങ്ങളില്‍ 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.
രാവിലെ തന്നെ ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിരയുണ്ട്. രണ്ട് മണ്ഡലങ്ങളിലും പലയിടത്തും വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനാല്‍ രാവിലെ തന്നെ പോളിംഗ് തടസപ്പെട്ടു.
വയനാട് ലോക്സഭാ മണ്ഡലത്തിലെ 117 ആം നമ്പർ ബൂത്തില്‍ വോട്ടിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രത്തിലെ തകരാറാണ് കാരണം. അഗസ്ത്യമുഴിയിലെ 117 ആം നമ്പർ ബൂത്തില്‍ രണ്ടുപേർ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാർ ആയത്.
പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് പോളിംഗ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവമ്പാടി മണ്ഡലത്തില്‍ രണ്ടിടത്ത് വോട്ടിങ് മെഷീൻ തകരാർ കണ്ടെത്തി. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ബൂത്ത് 86 ല്‍ ഇതുവരെ വോട്ടിംഗ് ആരംഭിച്ചില്ല. 8 മണിയാകുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.
ചേലക്കരയില്‍ 6 സ്ഥാനാർത്ഥികളും വയനാട്ടില്‍ 16 സ്ഥാനാർത്ഥികളുമാണ് ജനവിധി തേടുന്നത്. വയനാട്ടില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ആയി 14.71 ലക്ഷം സമ്മതിദായകരാണുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലയിലെ വോട്ടർമാർക്കായി മൂന്ന് ബൂത്തുകള്‍ തയാറാക്കിയിട്ടുണ്ട്.
പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയുന്നവർക്ക് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെത്താൻ സൗജന്യ വാഹന സർവീസ് ഏർപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തില്‍ ആകെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
